കുന്നിക്കോട് : ആവണീശ്വരം റെയിൽവേ ഭൂമിയിലെ മരങ്ങൾ അപകട ഭീഷണിയാകുന്നു. പ്രദേശവാസികൾ നിരവധി തവണ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
പഴയ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ നിൽക്കുന്ന പഞ്ഞിമരമാണ് കൂടുതൽ ഭീഷണിയുയർത്തുന്നത്. മരം നിൽക്കുന്നതിന്റെ സമീപത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത് . തീവണ്ടിയാത്രയ്ക്കും മറ്റുമായി കാൽനടയാത്രികരുൾപ്പടെ നിരവധി ആളുകളാണ് ഈ മരത്തിന്റെ സമീപത്തുകൂടി കടന്ന് പോകുന്നത്. റെയിൽവേയുടെ കോൺക്രീറ്റ് തറയിൽ മരം നിൽക്കുന്നതിനാൽ മണ്ണുമായി വേരുകളുടെ പിടിത്തം കുറവാണ്. കാറ്റടിക്കുമ്പോൾ ആടി ഉലയുന്ന മരം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കാറ്റത്തും മഴയത്തും മരച്ചില്ലകൾ ഒടിഞ്ഞ് വീണ് സമീപത്തുള്ള കടളുടെ മേൽക്കൂര തകരുന്നതും വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നതും പതിവാണ്. കൂടാതെ പഴയ റെയിൽവേ സ്റ്റേഷൻ പരിസരം കാട് മൂടിയ അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്.വർഷങ്ങൾക്ക് മുൻപ് ഇതുപോലെ അപകട ഭീഷണിയായ മരങ്ങളുടെ ചില്ലകൾ മുറിച്ച് മാറ്റുന്ന സമയത്ത് അത് വഴി റോഡിലൂടെ പോയ വാഹനത്തിന്റെ മുകളിൽ മരച്ചില്ല പതിച്ച് യാത്രക്കാരൻ മരണപ്പെട്ടിരുന്നു.