കുന്നത്തൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്തൃപിതാവിന്റെ പരിഹാസത്തെത്തുടർന്ന്, കിഴക്കേ കല്ലട നിലമേൽ ബൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി മരിച്ച സംഭവത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്തൃവീട്ടിലുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് കുടുംബം വിശദമായ മൊഴി നൽകിയിട്ടുണ്ട്. രേവതിയുടെ ഭർത്താവ് സൈജു വിദേശത്ത് നിന്നു ഇന്ന് നാട്ടിലെത്തും. ഇന്ന് ചെറുപൊയ്ക ഓതിരമുകളിലുള്ള രേവതിയുടെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11ഓടെയാണ് നാട്ടുകാർ നോക്കി നിൽക്കെ രേവതി ആറ്റിൽ ചാടിയത്. നിർദ്ധന കുടുംബാംഗമായ യുവതിയെ സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃപിതാവ് നിരന്തരം ആക്ഷേപിക്കുമായിരുന്നുവത്രെ. ധരിച്ചിരുന്ന വെള്ളിക്കൊലുസ് എത്ര പവന്റേതാണെന്ന് ചോദിച്ചായിരുന്നു പരിഹാസം.ഇതറിഞ്ഞ മാതാവ് വിവാഹ ധനസഹായമായി പട്ടികജാതി വകുപ്പിൽ നിന്നു ലഭിച്ച 70,000 രൂപയ്ക്ക് സ്വർണക്കൊലുസ് വാങ്ങി നൽകി.വീണ്ടും മാനസിക പീഡനവും പരിഹാസവും തുടർന്നതാണ് രേവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വീട്ടിലെ വിവരങ്ങളെല്ലാം രേവതി സൈജുവിനെ അറിയിച്ചിരുന്നു.ഇവർക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെണ് വിവരം.സൈജുവിന് അവസാനമായി അയച്ച സന്ദേശത്തിലും പിതാവിന്റെ ക്രൂരതകൾ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ സൈജു വേറെ വിവാഹം കഴിക്കണമെന്നും സന്ദേശത്തിൽ പറയുന്നതായി രേവതിയുടെ സഹോദരി രമ്യാകൃഷ്ണൻ പറഞ്ഞു.
മുങ്ങിമരണം
രേവതിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ഫോറൻസിക് ബോർഡിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.