കൊല്ലം: മണ്ണിനെയും പക്ഷികളെയും വൃക്ഷങ്ങളെയും തഴുകിവളർത്തിയ നീണ്ടകര കോസ്റ്റൽ പൊലീസിനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിക്കും അംഗീകാരത്തിന്റെ നിറവ്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ 2019-20ലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം നീണ്ടകര പൊലീസ് സ്റ്റേഷന് ലഭിച്ചു.
കഴിഞ്ഞ 5 വർഷം തീരപ്രദേശങ്ങളിൽ നടത്തിയ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനാണ് അവാർഡ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അവാർഡ് ഒരു പൊലീസ് സ്റ്റേഷന് ലഭിക്കുന്നത്. 2021ലെ വനമിത്രാ അവാർഡും പൊലീസ് സംഘടനയ്ക്കും നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനും ലഭിച്ചിരുന്നു.
മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന തീരത്തും കടലിലും അടിഞ്ഞുകൂടുന്ന അജൈവ മാലിന്യം നീക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നീണ്ടകര കോസ്റ്റൽ പൊലീസും സംയുക്തമായി 2016 ൽ ശുചിത്വ തീരം സുരക്ഷിതതീരം പദ്ധതി നടപ്പാക്കി വരുകയാണ്. കൊല്ലം സിറ്റി പൊലീസിന്റെ അധികാര പരിധിയിലുള്ള അഴീക്കൽ മുതൽ പരവൂർ തീരം വരെയുള്ള പ്രദേശങ്ങളിൽ 2017 മുതൽ കണ്ടൽ വനവത്കരണ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
അന്യം നിന്നുപോകുന്ന നിത്യഹരിത വൃക്ഷമായ പുന്നയെ തീരപ്രദേശങ്ങളിൽ നട്ടു പരിപാലിക്കുന്നുണ്ട്. 12 ഘട്ടങ്ങളിലായി 5000 കണ്ടൽ തൈകളും 500 പുന്ന തൈകളും പലയിടങ്ങളിലായി നട്ടു. നീണ്ടകര സ്റ്റേഷൻ വളപ്പിൽ ഔഷധ സസ്യത്തോട്ടവും നിർമ്മിച്ചിട്ടുണ്ട്.