കൊല്ലം: 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ബോട്ടുകൾ ഞായറാഴ്ച അർദ്ധരാത്രി കടലിലേക്ക് കുതിക്കും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്കുമടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങി.
നിരോധനകാലത്ത് ബോട്ടുകൾ കടലിലേക്ക് പോകാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകേ ഫിഷറീസ് വകുപ്പ് കെട്ടിയ ചങ്ങല ഞാറാഴ്ച അർദ്ധരാത്രി പൊലീസ് അഴിച്ചുനീക്കും. എല്ലാ ബോട്ടുകളും ഒരുമിച്ച് കടലിൽ പോകാൻ ഇത്തവണ അനുവദിക്കില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുകളുള്ള ബോട്ടുകളെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കും. നൂറ് എച്ച്.പിക്ക് മുകളിൽ ശേഷിയുള്ള യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ബോട്ടുകൾക്കാണ് നിയന്ത്രണം. ബോട്ടിൽ പോകുന്ന തൊഴിലാളികൾ കൊവിഡ് ജാഗ്രതാപോർട്ടിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. ഇതിന് മുന്നോടിയായുള്ള പരിശോധന ആരംഭിച്ചു.