ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക ധനകാര്യപത്രികയ്ക്ക് അംഗീകാരമായി. മുൻ ഭരണസമിതിയുടെ കാലത്ത് നടത്തിയ കൊവിഡ് മുൻകരുതലുകളോട് അനുബന്ധിച്ച പ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നതിനാൽ പാസാക്കാതെ മാറ്റിവച്ച ധനകാര്യപത്രികയാണ് ഇന്നലത്തെ ഭരണസമിതിയോഗത്തിൽ ഏറെനേരം നീണ്ട ചർച്ചകൾക്കൊടുവിൽ പാസാക്കാൻ തീരുമാനിച്ചത്.

കണക്കുകൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പുന:പരിശോധിച്ച് ഒാഡിറ്റിനു വിധേയമാക്കിയ ശേഷമേ പത്രികയ്ക്ക് അംഗീകാരം ലഭിക്കൂവെന്ന് പ്രസിഡന്റ് എസ്. സുദീപ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ എന്നിവർ അറിയിച്ചു.