കൊല്ലം: പുരാണങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള സഹസ്രദള പത്മം കൊല്ലത്തിന്റെ മണ്ണിലും പൂവിട്ടു. രണ്ടാംകുറ്റി വൈദ്യശാല വീട്ടിൽ ജയകുമാറിന്റെ കുമാർ നഴ്സറിയിലാണ് ആയിരം ഇതളുകളുള്ള അപൂർവ താമര വിരിഞ്ഞത്.
ആയിരത്തിലധികം ഇതളുകളുള്ള ഏകദേശം രണ്ടുകൈപ്പത്തികൾ കൂട്ടിവയ്ക്കുന്നതിൽ കൂടുതൽ അളവിലുള്ള പൂവാണ് വിരിഞ്ഞത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ദേവീദേവന്മാരുടെ വാസസ്ഥലമാണ് ആയിരം ഇതളുള്ള ഈ താമരപ്പൂവ്. കേരളത്തിലെ കാലാവസ്ഥയിൽ ഇവ വിരിയുന്നത് അപൂർവമാണ്. രണ്ടുമാസത്തിനിടെ തിരുവല്ലയിലും തൃപ്പൂണിത്തുറയിലും ഇത്തരം പൂവ് വിരിഞ്ഞെങ്കിലും കൊല്ലത്ത് ഇത് ആദ്യമാണ്.
നാൽപ്പത്തിയഞ്ച് വർഷമായി പൂക്കളെയും ചെടികളെയും പരിപാലിക്കുന്ന ജയകുമാർ തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ പക്കൽ നിന്നാണ് സഹസ്രദള പത്മത്തിന്റെ കിഴങ്ങ് സ്വന്തമാക്കിയത്. രണ്ട് വർഷം മുമ്പ് വാങ്ങിയ വിത്ത് മുളച്ചെങ്കിലും പൂവ് വിരിഞ്ഞത് ഇപ്പോഴാണ്. കാലാവസ്ഥയുടെ പ്രത്യേകത മൂലമാണ് പൂവ് വിരിയാൻ താമസം നേരിട്ടതെന്ന് ജയകുമാർ പറയുന്നു. നാലുമുതൽ ആറുമാസം കൊണ്ടാണ് മൊട്ടിട്ട് പൂവ് പൂർണമായും വിരിഞ്ഞത്.