photo

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ പ്രവർത്തനമാരംഭിക്കുന്നു. 2016ൽ ഉദ്ഘാടനം ചെയ്ത ട്രോമോ കെയർ യൂണിറ്റിലാണ് തീയേറ്ററുകൾ ആരംഭിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളും ലൈറ്റുകളും മറ്റ് സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു സമയം നാലുപേരെ ഓപ്പറേഷൻ നടത്താനുള്ള സംവിധാനങ്ങളാണ് രണ്ട് തീയേറ്ററുകളിലുമായി ഒരുക്കിയിട്ടുള്ളത്. കോടികൾ മുടക്കി ട്രോമാ കെയർ യൂണിറ്റ് താലൂക്ക് ആശുപത്രിയിൽ തുടങ്ങിയിട്ടും ഇപ്പോഴാണ് അതിന്റെ ഗുണം ലഭിക്കാൻ തുടങ്ങുന്നത്. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന തീയേറ്റർ നവീകരണത്തിനായി ഒരാഴ്ച മുൻപ് അടച്ചിരുന്നു. ഇവിടെ 1.30 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. നിർമ്മിതിയ്ക്കാണ് നവീകരണജോലികളുടെ കരാർ നൽകിയത്. മൂന്നുമാസംകൊണ്ട് ഈ തീയേറ്ററും അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമാകും.

വേണ്ടത്ര സർജൻമാരില്ല

താലൂക്ക് തീയേറ്ററും അനുബന്ധ സൗകര്യങ്ങളും ആയപ്പോഴും സർജൻമാർ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുളവാക്കും. നിലവിൽ ഒരു സർജനും വർക്കിംഗ് അറേജ്മെന്റിൽ മറ്റൊരു സർജനും ആഴ്ചയിൽ മൂന്നുദിവസം എൻ.എച്ച്.എമ്മിൽ നിന്നുമുള്ള ഒരു സർജനുമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. മുഴുവൻ സമയം സർജൻ തീയേറ്ററിലായാൽ ഒ.പിയിൽ ഇരിക്കാൻ ഡോക്ടറെ കിട്ടില്ല. തീയേറ്ററുകൾ മികച്ചതാകുന്നെങ്കിലും കൂടുതൽ സർജൻമാരെ നിയമിച്ചില്ലെങ്കിൽ ഒരു തീയേറ്റർ മാത്രമേ ഇവിടെ പ്രവർത്തിപ്പിക്കാൻ കഴിയു.

മന്ത്രി ഉദ്ഘാടനം ചെയ്യും

താലൂക്ക് ആശുപത്രിയിലെ രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫൈസൽ ബഷീർ, എസ്.ആർ.രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ എന്നിവർ പങ്കെടുക്കും.