കൊല്ലം: സി.പി.ഐ നിയന്ത്രണത്തിലുള്ള നെടുവത്തൂർ സർവീസ് സഹകരണബാങ്കിൽ 2006 മുതൽ 2015 വരെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിന് ധനനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ അറിയിച്ചു.
ഈ കാലയളവിൽ പ്രസിഡന്റായിരുന്ന വ്യക്തി കുറ്റക്കാരനാണെന്ന് സി.പി.ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനാൽ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ അന്നുമുതൽ ബാങ്കിനെതിരെ പത്രവാർത്തകൾ നൽകുന്നതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ വാർത്തകളും. ബാങ്കിൽ മരണമടഞ്ഞ ജീവനക്കാരൻ 2006 മുതൽ 2015 വരെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കാലയളവിൽ പ്രസിഡന്റായിരുന്ന വ്യക്തിയുടെ പങ്കും അന്വേഷിക്കണമെന്ന് വിജിലൻസിനോട് ശുപാർശ ചെയ്യാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൽ ഒരാൾക്ക് നൽകാവുന്ന പൊതുവായ്പ തുക 20 ലക്ഷം രൂപയായി പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പേരിൽ ബിനാമി വായ്പകൾ ഉള്ളതായി വകുപ്പ് തല അന്വേഷണത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ബാങ്കിനെതിരെയുള്ള പത്രവാർത്തകളിൽ സത്യമില്ലെന്നും ബാങ്ക് സുരക്ഷിതമായ നിലയിലാണെന്നും സഹകാരികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.