ചാത്തന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കൊല്ലം ബീച്ച് നോർത്ത് ബീമാ മൻസിലിൽ നിന്ന് കൂട്ടിക്കട തെക്കടത്ത് തെക്കതിൽ ഷാഹിദാ മൻസിലിൽ താമസിച്ചിരുന്ന സുൽഫിക്കർ (ഭൂട്ടോ - 54) മരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപമായിരുന്നു അപകടം. സുൽഫിക്കൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനി ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുൽഫിക്കറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരവേ ഇന്നലെ രാവിലെയോടെ മരിച്ചു.
കോൺഗ്രസ് കൊല്ലം ബ്ളോക്ക് വൈസ് പ്രസിഡന്റും ജോനകപ്പുറം വലിയപള്ളി ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: സാബിറ. മക്കൾ: സുബഹാന, മുഹമ്മദ് അഫ്സൽ. മരുമകൻ: ഷിബിൻ.