ഓച്ചിറ: ആയിരംതെങ്ങിൽ നൂറോളം കുടുംബങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് താത്കാലിക പരിഹാരം. ആലപ്പാട് പഞ്ചായത്തിലെ രണ്ടാം വാർഡ്, ക്ലാപ്പന പഞ്ചായത്തിലെ ഒന്നാം വാർഡ് എന്നിവിടങ്ങളിൽ ജല വിതരണം നടന്നിരുന്നത് ആയിരംതെങ്ങിലെ പമ്പ്ഹൗസിൽ നിന്നായിരുന്നു. ഇവിടെ കുഴൽക്കിണർ ഉപയോഗശൂന്യമായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി പ്രദേശവാസികൾ കടുത്ത കുടിവെള്ളക്ഷാമത്തിലായിരുന്നു. പമ്പ് ഹൗസിന്റെ സമീപത്ത് പ്രവർത്തിക്കുന്ന നാല് എെെസ് പ്ലാന്റുകൾ അനധികൃതമായി കുഴൽക്കിണറുകൾ സ്ഥാപിച്ച് ജലമൂറ്റുന്നതിനാലാണ് സർക്കാർ കുഴൽക്കിണർ ഉപയോഗശൂന്യമായതെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനങ്ങൾ എെസ് പ്ലാന്റുകൾ ഉപരോധിക്കുകയും പ്രവർത്തനം തടയുകയും ചെയ്തിരുന്നു. തുടർന്ന് സി.ആർ മഹേഷ് എം.എൽ.എ വാട്ടർ അതോറിറ്റി ഉന്നത അധികാരകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.