police
police

 അധികാരത്തിന്റെ മറവിൽ ധിക്കാരം കാട്ടിയാൽ കൊവിഡ് മാറുമോ ?

കൊല്ലം: കൊവിഡ് സൃഷ്ടിച്ച വറുതിക്കും സാമ്പത്തിക പരാധീനതകൾക്കുമൊപ്പം പൊലീസിന്റെ അനാവശ്യ ഇടപെടലിൽ വ്യാപക പ്രതിഷേധം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുന്നവരെയും പെറ്റിയടിച്ചാണ് പൊലീസുകാർ അന്നന്നത്തെ ക്വാട്ട തികയ്ക്കുന്നത്. പട്ടിണിക്കാരനെ കൂടുതൽ പട്ടിണിയിലേക്ക് തള്ളിവിടുന്ന വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യത്വമില്ലാതെ പെരുമാറുമ്പോഴും മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെടുന്നില്ല. ഓരോ സ്റ്റേഷനിലും പെറ്റിക്കേസെടുക്കാനായി നാലും അഞ്ചും ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

എന്തിനാണ് റോഡിലിറങ്ങിയതെന്നുപോലും ചോദിക്കാതെ പെറ്റിയടിച്ചും കൈയേറ്റം ചെയ്തും ജനത്തെ വല്ലാതെ പീഡിപ്പിക്കുകയാണ് പൊലീസ്. ഒരു മാസം മുമ്പ് രാവിലെ പൊതുകക്കൂസിലേക്ക് പോയയാളെ തടഞ്ഞു നിറുത്തി 2000 രൂപ പെറ്റിയടിച്ച പാരിപ്പള്ളി പൊലീസിന്റെ നടപടി വിവാദമായിരുന്നു. ചടയമംഗലത്ത് ബാങ്കിന് മുന്നിൽ നിന്ന പെൺകുട്ടിക്കെതിരെ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കേസെടുത്തതും വിവാദമായി.

 കൊട്ടാരക്കര എസ്.ഐ താക്കോൽ പ്രിയൻ!

ഇന്നലെ രാവിലെ മുതൽ കൊട്ടാരക്കര ചന്തമുക്കിൽ ജീപ്പുമായി കാത്തുനിന്ന എസ്.ഐ ഇരുചക്ര വാഹനങ്ങൾ തടഞ്ഞുനിറുത്തി താക്കോലുകൾ ഊരിയെടുത്തു. കൈക്കുഞ്ഞിനെയും കൊണ്ടുവന്ന ദമ്പതികളും എസ്.ഐയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്ക് ഇരയായി. പത്രപ്രവർത്തകർക്ക് യാത്രാനുമതി ഉണ്ടായിരുന്നിട്ടും ഒരു പത്രപ്രവർത്തകന്റെ ബൈക്കിന്റെ താക്കോലും എസ്.ഐ കൈക്കലാക്കി. പതിനഞ്ച് താക്കോലുകൾ തികഞ്ഞതോടെ എസ്.ഐ ജീപ്പുമായി സ്റ്റേഷനിലേക്ക് പോയി. പൊരിവെയിലത്ത് മണിക്കൂറുകൾ താക്കോലില്ലാതെ ബൈക്കുമായി നിൽക്കേണ്ടി വന്നവർ ഏറെയാണ്. സ്റ്റേഷനിലെത്തി 2000 രൂപവരെ പെറ്റിയടച്ച ശേഷമാണ് പലർക്കും താക്കോൽ തിരികെ നൽകിയത്. പണം അടയ്ക്കാൻ നിവൃത്തിയില്ലാത്തവരുടെ താക്കോൽ ഇപ്പോഴും സ്റ്റേഷനിലാണ്.

വാഹനത്തിന്റെ താക്കോൽ ഊരിക്കൊണ്ടുപോകാൻ ഈ എസ്.ഐയ്ക്ക് ആരാണ് വേറിട്ട അധികാരം നൽകിയതെന്ന് നാട്ടുകാർ ചോദിക്കുന്നു. യാത്രാ ഉദ്ദേശത്തിന്റെ രേഖകൾ, ഐഡന്റിറ്റി കാർഡുകൾ, അടിയന്തര ആവശ്യം എന്നിവയൊക്കെ ബോദ്ധ്യപ്പെടുത്തിയാലും കൊട്ടാരക്കര പൊലീസ് വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുന്ന രീതി ചർച്ചയായിട്ടുണ്ട്.

 ജില്ലയിലാകെ ക്രൂരത

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പേരുപറഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരത്തുകളിൽ പാെലീസ് യാത്രക്കാരെ പീഡിപ്പിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് കാരണമെഴുതി സൂക്ഷിക്കണമെന്ന ചട്ടം പാലിക്കുന്നവർക്കും 5000 മുതൽ 2000 രൂപ വരെ പിഴചുമത്തിവിടുന്ന രീതി സർക്കാരിന് തന്നെ നാടക്കേടായിരിക്കുകയാണ്.