കൊല്ലം: കാവനാട് മുതൽ മേവറം വരെയുളള കൊല്ലം ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയപാത 66 സർവ്വീസ് റോഡോടു കൂടിയ 6 വരി പാതയായി വികസിപ്പിക്കുന്ന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരുമാുള്ള യോഗത്തിന് ശേഷമാണ് എം.പി ഇക്കാര്യം പറഞ്ഞത്.
അയത്തിലെയും കല്ലുംതാഴത്തിലെയും നിരന്തര അപകടവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് അയത്തിൽ റോഡ് ഓവർ ബ്രിഡ്ജും കല്ലുംതാഴത്ത് അടിപ്പാതയും നിർമ്മിക്കും. എല്ലാവിധ റോഡു സുരക്ഷയും ഉറപ്പു വരുത്തിക്കൊണ്ടുളള നിർമ്മാണത്തിനാണ് രൂപരേഖ തയ്യാറാക്കിയിട്ടുളളത്. ബൈപ്പാസിൽ നിരന്തരമായി ഉണ്ടാകുന്ന അപകടത്തിനും ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമുണ്ടാക്കുന്ന തരത്തിലാണ് രൂപകല്പന. കാവനാട് മുതൽ കടമ്പാട്ടുകോണം വരെ ബൈപ്പാസ് ഉൾപ്പെടുന്ന ഭാഗം ഒറ്റ റീച്ചായാണ് പദ്ധതി. 31.25 കിലോമീറ്ററാണ് ഇതിൽ ഉൾപ്പെടുന്നത്. നിലവിൽ നിശ്ചയിച്ചിട്ടുളള അലൈൻമെന്റിൽ നിന്ന് 100 മീറ്റർ കിഴക്ക് മാറിയാൽ വീടുകളും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കി റോഡ് നിർമ്മിക്കാൻ കഴിയുമെന്ന പ്രദേശവാസികളുടെ നിർദ്ദേശം പരിഗണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.