covid
covid

കരുനാഗപ്പള്ളി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രതിഷേധ സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. കരുനാഗപ്പള്ളി ടൗണിലും ഗ്രാമപഞ്ചായത്തുകളുടെ പ്രധാന കേന്ദ്രങ്ങളിലുമായി നിരവധി സമരങ്ങളാണ് ദിവസവും അരങ്ങേറുന്നത്. മുമ്പൊക്കെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു സമരങ്ങൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. അടുത്ത നാളുകളിൽ നടന്ന എല്ലാ സമരങ്ങളും യോഗങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു. ഇവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് തയ്യാറാകുന്നുമില്ല.

ഓരോ ദിവസം കഴിയുമ്പോഴും സംഘടിപ്പിക്കുന്ന സമരങ്ങളിൽ പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുകയാണ്. ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന പരിപാടികളിൽ പരമാവധി പ്രവർത്തകരെ കൂട്ടാനാണ് ശ്രമിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകാൻ ഇത് കാരണമാകുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

നഗരസഭയിൽ നിയന്ത്രണ വിധേയം

കരുനാഗപ്പള്ളി നഗരസഭയിൽ കൊവിഡ് നിയന്ത്രണ വിധേയമാണ്. നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡിനെതിരെ വിപുലമായ പ്രചാരണങ്ങളാണ് സംഘടിപ്പിക്കുന്നത്. നഗരസഭയുടെ പരിധിയിൽ ടി.പി.ആർ 10 ശതമാനത്തിൽ താഴെയാണ്. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ടി.പി.ആർ 5 ശതമാനമാണ്. തഴവയിലും ആലപ്പാട്ടും കൊവിഡിന്റെ വ്യാപനം കൂടുതലാണ്. ഡി കാറ്റഗറി ആയതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളും ലോക്ക് ഡൗൺ ആണ്. കഴിഞ്ഞ രണ്ട് ദിവസത്തിന് മുമ്പ് കായംകുളം മത്സ്യബന്ധ തുറമുഖം പൂർണമായും അടച്ചു. ഇവിടങ്ങളിൽ ഓരോ ദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിർദ്ദേശങ്ങൾ പാലിക്കണം

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുകയും ആളുകൾ കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ രോഗ വ്യാപനം കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.