kanjav-
പുരയിടത്തിൽ കണ്ടെത്തിയ കഞ്ചാവ്

ഇരവിപുരം: ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നു കഞ്ചാവും സിറിഞ്ചും മദ്യക്കുപ്പികളും കണ്ടെത്തി. പഴയാറ്റിൻകുഴി - ചകിരിക്കട റോഡരികിലുള്ള ഓഡിറ്റോറിയത്തിന്റെ പാർക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് കഞ്ചാവും മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചും കണ്ടെത്തിയത്.

മയക്കുമരുന്ന് സംഘങ്ങളുടെ താവളമായ ഇവിടെ പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് പ്രദേശവാസികൾ കഞ്ചാവ് കണ്ടെത്തിയത്. നാളുകളായി ഇവിടെ പുറത്തു നിന്നെത്തുന്ന യുവാക്കൾ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി പുരയിടത്തിൽ പരിശോധന നടത്തുകയും നാട്ടുകാർ കണ്ടെത്തിയ കഞ്ചാവ് എക്സൈസ് ഓഫീസിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്നു കച്ചവടവും ഉപയോഗവും നടക്കുന്നുവെന്നു കാട്ടി പ്രദേശവാസികൾ സിറ്റി പോലീസ് കമ്മിഷണർക്ക് അടുത്തിടെ പരാതി നൽകിയിരുന്നു. പഴയാറ്റിൻകുഴി, ചകിരിക്കട ഭാഗങ്ങളിൽ നിന്ന് എക്സൈസോ പൊലീസോ വരുന്നുണ്ടെങ്കിൽ വിവരം കൈമാറാൻ ഇവർ സംഘാംഗങ്ങളെ നിറുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.