കൊല്ലം: നെടുങ്ങോലം സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഒന്നര കോടിയുടെ വായ്പ തട്ടിപ്പു നടന്നെന്നും ബാങ്ക് തകർച്ചയിലാണെന്നുമുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സഹകാരികൾ യഥാർത്ഥ വസ്തുത തിരിച്ചറിഞ്ഞ് നുണപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ബാങ്ക് ഭരണസമിതി പ്രസിഡന്റ് എസ്. സുഭഗകുമാറും സെക്രട്ടറി ആർ. ബിജുവും പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളിൽ പാരിപ്പള്ളിയിലെ 1.41 ഏക്കർ ജാമ്യത്തിൽ 6 വായ്പകളിലായി 1.5 കോടി നൽകിയിട്ടുണ്ട്. പുതിയ ഭരണസമിതി വന്ന് ഒരു വർഷം കഴിഞ്ഞിട്ടും വായ്പ തിരിച്ചടവ് വരാത്ത സാഹചര്യത്തിൽ നോട്ടീസ് അയച്ച് നിയമ നടപടി ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ഭൂവുടമയും ഈ വായ്പയിലെ പങ്കാളിയുമായ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണവകുപ്പും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വാർത്തകളെത്തുടർന്ന് ബാങ്ക് ഭരണസമിതിയുടെ സബ്കമ്മിറ്റിയും അന്വേഷണം നടത്തുന്നു. വായ്പ വിതരണവുമായി ബന്ധപ്പെട്ട് പരാതിയിൽ പറയുന്ന ആക്ഷേപം യാഥാർത്ഥ്യമാണെങ്കിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും. അതോടൊപ്പം വായ്പ തുക ബാങ്കിന് തിരികെ ലഭിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. കേരളത്തിലെ സഹകരണ മേഖലയ്ക്ക് എതിരെ സംഘടിതമായ കടന്നാക്രമണം നടക്കുന്ന സമയമാണിതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.