phot
വൃദ്ധ ദമ്പതികളുടെ രാജാകൂപ്പിലെ വീട്ടിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിൻെറ നേതൃത്വത്തിലുളള ഫിംഗർപ്രിൻറ് വിദഗ്ദ്ധർ പരിശോധനയ്ക്കെത്തിയപ്പോൾ

പുനലൂർ: ആര്യങ്കാവ്-റോസ്മല റൂട്ടിലെ രാജാകൂപ്പിൽ വൃദ്ധ ദമ്പതികളെ മുഖംമൂടി സംഘം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ ഡോഗ് സ്വാകാഡും, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

ഇന്നലെ രാവിലെ 11ന് എത്തിയ പരിശോധക സംഘം വീടിന്റെ പിൻഭാഗത്തെ ഇളകിയ കതകും ഉൾഭാഗവും പരിശോധിച്ചു. അക്രമണത്തിനിരയായ തിരുവനന്തപുരം പി.ടി.പി നഗർ സ്വദേശിയായ റിട്ട.എൻജിനീയർ ബി.രവീന്ദ്രൻ നായർ, ഭാര്യ ഗിരിജ കുമാരി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി. 28ന് രാത്രി 8 മണിയോടെയായിരുന്നു കവർച്ച നടന്നത്. വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പിടി ഉപയോഗിച്ച് മദ്ദിക്കുകയും ദേഹത്തുകിടന്ന 10 പവനും 20,000 രൂപയും അപഹരിക്കുകയായിരുന്നു. സംഘം കൊടും തമിഴും മലയാളവും കലർന്ന് ഭാഷയിലായിരുന്നു സംസാരിച്ചതെന്ന് ദമ്പതികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേരള, തമിഴ്നാട് പ്രദേശങ്ങളിലും പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് തെന്മല എസ്.ഐ ഡി.ജെ.ശ്യാലു അറിയിച്ചു. രാജാകൂപ്പിൽ വാങ്ങിയ ഭൂമി നോക്കാൻ ആഴ്ചയിൽ രണ്ട് ദിവസം ദമ്പതികൾ എത്തുമായിരുന്നു. ഇത് അറിയാവുന്നവരാണ് കവർച്ച നടത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ്.പി. വിനോദ്, തെന്മല സി.ഐ.വിനോദ്, എസ്.ഐ.ഡി.ജെ.ശ്യാലു തുടങ്ങിയവരുടെ നേതൃത്തിലാണ് വിദഗ്ദ്ധ സംഘം രാജകൂപ്പിൽ പരിശോധന നടത്തിയത്.