ശാസ്താംകോട്ട : നിർമ്മാണം പൂർത്തിയായി 30 വർഷം കഴിഞ്ഞ അംബേദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് കേരളാ സാംബവർ സൊസൈറ്റി കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിപ്പ് സമരം നടത്തി. ഭരണിക്കാവിലെ അംബേദ്കർ സ്മാരക കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച സമരം കേരളാ സാംബവർ സൊസൈറ്റി കുന്നത്തൂർ താലൂക്ക് ജനറൽ സെക്രട്ടറി ഐ. ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷനായി. ഡോ.കെ.രാധാകൃഷ്ണൻ , ജില്ലാ പ്രസിഡന്റ് ജി.ശശി, സെക്രട്ടറി കെ.വിശ്വംഭരൻ , പൊതുപ്രവർത്തകൻ ജി. നന്ദകുമാർ , വനിതാ വിഭാഗം ജനറൽ സെക്രട്ടറി സരളാ രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം വൈ.മനു, റോയി മോഹൻ ,രാജൻ നടുവിലെ മുറി,ആർ. കുഞ്ഞു കുഞ്ഞ് എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഫണ്ടിൽ നിന്ന് ലക്ഷണങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം നശിക്കുന്നതിനെ കുറിച്ച് കേരളാ കൗമുദി വാർത്ത നൽകിയിരുന്നു. നിയമ പോരാട്ടത്തിലുടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ പുനരുദ്ധാരണത്തെ കുറിച്ച് ഭരണ സമിതി ചർച്ച ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല .