ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിനെ കൊവിഡ് ഡി കാറ്റഗറിയിലാക്കിയതിൽ പഞ്ചായത്ത് അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം. പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമല്ലാതിരുന്നിട്ടും സാങ്കേതികത്വത്തിന്റെ പേരിലാണ് ജനജീവിതം നിശ്ചലമാക്കുന്നതെന്ന് യോഗം വിലയിരുത്തി.

കഴിഞ്ഞ 21 മുതൽ 27 വരെയുളള ടി.പി.ആർ നിരക്ക് 15ന് മുകളിലായതാണ് ഗ്രാമപ്പഞ്ചായത്ത് ഡി കാറ്റഗറിയിൽ വരാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ 26ന് നടത്തിയ 419 ആന്റിജൻ പരിശോധനകളിൽ 21 പേർക്കും 27ന് നടത്തിയ 245 പരിശോധനകളിൽ 24 പേർക്കും മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ശതമാനം മാത്രമായിരുന്നു ഈ ദിവസങ്ങളിലെ ടി.പി.ആർ.നിരക്ക്. സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയവരുടെ ആകെ എണ്ണം പരിഗണിക്കാതെ പോസീറ്റീവ് ആകുന്നവരുടെ എണ്ണം മാത്രം കണക്കിലെടുക്കുന്നതിനാലാണ് ടി.പി.ആറിലെ ശതമാനക്കണക്ക് ഉയരുന്നതെന്നും യോഗം ആരോപിച്ചു.