തൃശൂർ : ജില്ലയിൽ വാകിസൻ ക്ഷാമം രൂക്ഷമാകുന്നു, പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നു. സംസ്ഥാനത്ത് തന്നെ കൊവിഡ് വ്യാപനം ഏറെയുള്ള ജില്ല കൂടിയായ തൃശൂരിൽ ആവശ്യമായ രീതിയിൽ വാക്‌സിൻ എത്തിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് കടുത്ത അനാസ്ഥയാണ് പുലർത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് 84 ദിവസം കഴിൽ നൽകുമെന്നായിരുന്നു അറിയിപ്പെങ്കിലും നൂറു ദിവസത്തിന് മുകളിൽ എത്തിയിട്ട് പോലും വാക്‌സിൻ ലഭിക്കാത്തവർ നിരവധിയാണ്. സ്‌പോട്ട് രജിസ്‌ട്രേഷനായതോടെ അർഹരായവരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് വാക്‌സിൻ നൽകുകയാണെന്ന ആരോപണമാണ് കൂടുതലായും ഉയരുന്നത്. ഒന്നാംഘട്ട വാക്‌സിനെടുത്ത് 100 ദിവസം കഴിഞ്ഞവർക്ക്‌പോലും ഓൺലൈനായോ, സ്‌പോട്ടായോ വാക്‌സിൻ ലഭിക്കുന്നില്ല. രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞിട്ടും വാക്‌സിൻ ലഭിക്കാത്തവർ വലിയതോതിൽ പരിഭ്രാന്തരാണ്. ഇന്നലെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്‌സിൻ ക്ഷാമവും ജനങ്ങളുടെ ദുരിതവും പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മേയർ വരെ അതിനോട് യോജിക്കുകയായിരുന്നു. തൃശൂർ കോർപറേഷനെ സർക്കാർ അവഗണിക്കുകയാണെന്ന് വരെ മേയർ തുറന്നടിച്ചു. ഇതിനെതിരെ കത്തയക്കുമെന്നും കൗൺസിൽ യോഗത്തിൽ അറിയിച്ചു. അതേ സമയം തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവർക്ക് ഇതുവരെയും രണ്ടാ ഡോഡ് ലഭിച്ചിട്ടില്ല. മാർച്ച് അവസാനത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിയുടെ ഭാഗമായി ഇവർക്ക് ആദ്യ ഡോസ് നൽകിയത്. നിലവിൽ 40 വയസിന് മുകളിൽ ഉള്ളവർക്കാണ് പ്രധാനമായും വാക്‌സിൻ നൽകുന്നത്. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് മുൻഗണന ലിസ്റ്റിൽ ഉള്ളവർക്കാണ് നൽകുന്നത്.
കോൺഗ്രസ് ധർണ
തൃശൂർ : ജില്ലയിലെ കൊവിഡ് വാക്‌സിനേഷൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മണിക്ക് ബൂത്ത്തലത്തിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസന്റ് അറിയിച്ചു. ഓൺലൈനായി വാക്‌സിൻ അപേക്ഷിക്കുന്ന ആളുകൾക്ക് 20 കിലോമീറ്ററിലധികം ദൂരത്തിൽ യാത്ര ചെയ്താലേ വാക്‌സിൻ കിട്ടുകയുള്ളു എന്ന അവസ്ഥയാണുള്ളത്. സ്‌പോട്ട് വാക്‌സിൻ കൊടുക്കുന്നു എന്ന് പറഞ്ഞ് യാതൊരുവിധ മാനദണ്ഡം ഇല്ലാതെയും, മുൻഗണന നോക്കാതെയും വാക്‌സിൻ നൽകുന്നു. ആർ.ആർ.ടിമാർ അല്ലാത്തവർക്കും, ആരോഗ്യപ്രവർത്തകർ അല്ലാത്തവർക്കും ആർ.ആർ.ടിമാരുടെ പേരിൽ ഭരണസ്വാധീനത്താൽ വാക്‌സിൻ അനുവദിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ആവശ്യങ്ങൾ :
വാക്‌സിൻ വിതരണത്തിന് പൊതു മാനദണ്ഡം ഉണ്ടാക്കുക. ഇതുവരെ വാക്‌സിൻ വിതരണം ചെയ്ത രീതി അന്വേഷണ വിധേയമാക്കണം. ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ എല്ലാവർക്കും മുൻഗണന നൽകുക. വാക്‌സിൻ വിതരണം പൂർണമായി നീതിയുക്തമായും ഭരണസ്വാധീന മാനദണ്ഡങ്ങൾ നോക്കാതെയും നടത്തുക