മാള: ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കൂ, കാർഷിക വിളകളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷ്വറൻസ് പദ്ധതികളിൽ കർഷകരെ അംഗങ്ങളാക്കുന്നതിന്റെ പ്രചരണാർത്ഥമുള്ള പ്രത്യേക കാമ്പയിന് തുടക്കമായി. ജൂലായ് ഒന്ന് മുതൽ 15 വരെയാണ് കാമ്പയിൻ.
കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ വേളൂക്കര പഞ്ചായത്തിലെ കണ്ണംപോയ്ച്ചിറ പാടശേഖരത്തിൽ കൃഷി വകുപ്പ് പോർട്ടലിലൂടെ കർഷകരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടി കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുകയാണ്. രജിസ്‌ട്രേഷനാവശ്യമായ രേഖകൾ വാട്‌സ്ആപ്പ് , ഇമെയിൽ വഴി ലഭ്യമാക്കി മുഴുവൻ കർഷകരെയും ഇൻഷ്വറൻസ് പരിരക്ഷ നേടുന്നതിന് സജ്ജരാക്കുകയാണ്. കണ്ണംപോയ്ച്ചിറ പാടശേഖരത്തിൽ അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.കെ ഉണ്ണി, ടി.വി വിജു എന്നിവരുടെ നേതൃത്വത്തിലാണ് പാടശേഖരത്തിലെ മുഴുവൻ കർഷകരെയും ഓൺലൈൻ രജിസ്റ്റർ ചെയ്ത് മാതൃകയായിട്ടുള്ളത്.
ഇനിയുള്ള ദിവസങ്ങളിൽ ഈ പ്രവർത്തനം സംസ്ഥാനത്താകെ നടക്കും. എല്ലാ ജില്ലകളിലും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും കൃഷി അസിസ്റ്റന്റുമാരുടെയും നേതൃത്വത്തിൽ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നതും നഷ്ടം വരുത്തുന്നതും കാർഷിക മേഖലയിലാണ്. ഏതാനും വർഷമായി കാലാവസ്ഥാ വ്യതിയാനം ആവർത്തിക്കുകയും കാർഷിക മേഖലയെ പിന്നോട്ടടിക്കുകയുമാണ്. ഇതിൽ കർഷകർക്ക് താങ്ങാവാനാണ് വിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്.
നാമമാത്ര പ്രീമിയം തുക നൽകി പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് പ്രകൃതിക്ഷോഭം മൂലം നഷ്ടം സംഭവിക്കുകയാണെങ്കിൽ മോശമല്ലാത്ത രീതിയിലുള്ള നഷ്ടപരിഹാര തുകയും ലഭ്യമാകും. നെൽക്കൃഷി പോലുള്ള വിളകൾക്ക് വിവിധ ആനുകൂല്യം ലഭ്യമാകുന്നതിന് വിള ഇൻഷ്വറൻസ് എടുത്തിരിക്കണമെന്ന നിബന്ധനയും നിലവിലുണ്ട്. ഓൺലൈൻ സംവിധാനങ്ങളിലൂടെ മാത്രമേ കൃഷി വകുപ്പിന്റെ പല പദ്ധതികളിലും ഇപ്പോൾ അംഗമാകാനാകൂ.
ബാല്യദശയിലുള്ള ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തണമെന്ന ആവശ്യവും കർഷകർക്കിടയിൽ ശക്തമാണ്. വിള ഇൻഷ്വറൻസ് ലഭിക്കുന്നതിന് പി.എം.എഫ്.ബി.വൈ, ആർ.ഡബ്ള്യു.ബി.സി.ഐ.എസ് എന്നീ പദ്ധതികളിലും കർഷകർക്ക് അംഗങ്ങളാകാം. എ.ഐ.എം.എസ് മൊബൈൽ ആപ്പും ഓൺലൈൻ പോർട്ടൽ www.aims.kerla.gov.in വഴിയും അംഗങ്ങളാകാൻ കഴിയും.