kuzhi
ബൈപാസിലെ കുഴി

കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് റോഡിൽ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും പരിഹാര നടപടി ഒച്ചിന്റെ വേഗതയിൽ. റോഡ് സുരക്ഷ ഏറ്റെടുത്തിട്ടുള്ള നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയാണ് അലസത കാണിക്കുന്നത്.

ഇനിയും നടപടി സ്വീകരിക്കാൻ വൈകിയാൽ റോഡിലെ കുഴികൾ വാഹന യാത്രക്കാർക്ക് മരണക്കുഴി ആകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. കുഴികൾ രൂപപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അത് അടയ്ക്കാൻ നടപടികളില്ലാത്തതിനാൽ വിവിധ രാഷ്ട്രീയ കക്ഷികളെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്. കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. രാത്രി കാലത്താണ് അപകടങ്ങൾ അധികവും. സ്ടീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിക്കാനിടയാക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴക്കാലത്ത് ബൈപാസ് റോഡിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ട് വരുന്നുണ്ട്. നേരത്ത കുഴികൾ അടക്കാൻ അധികൃതർ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോൾ ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാവില്ലായിരുന്നു എന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നേരത്ത സംസ്ഥാന സർക്കാരിന്റെ പി.ഡബ്ല്യു.ഡിക്കു കീഴിലുള്ള എൻ.എച്ചായായിരുന്നു ബൈപാസിലെ അറ്റകുറ്റപണികൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറി. കൊച്ചിയിലുള്ള ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ബൈപാസിൽ റോഡിലെ അറ്റകുറ്റപണികൾ നടത്തിവരുന്നത്.

.................

ഒരാഴ്ചക്കുള്ളിൽ കുഴികൾ അടയ്ക്കും: നാഷണൽ ഹൈവേ അതോറിറ്റി ഓഫീസ്

കുഴികൾ അടയ്ക്കാൻ ജൂൺ 11ന് ഹൈവേ അതോറിറ്റി ടെണ്ടർ വിളിച്ചിരുന്നുവെങ്കിലും യോഗ്യതയില്ലാത്തവരാണ് പങ്കെടുത്തതെന്ന കണ്ടെത്തലിനെ തുടർന്ന് അത് റദ്ദ് ചെയ്തു. ഇതിനെ തുടർന്ന് പുതിയ ടെണ്ടർ നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ കുഴികൾ അടച്ചുള്ള പണികൾ പൂർത്തികരിക്കാൻ കഴിയുമെന്ന് ഓഫീസ് അറിയിച്ചു.