മാള: തിക്കും തിരക്കുമില്ലാതെ ഒറ്റ ദിവസം 1315 പേർക്ക് വാക്‌സിൻ നൽകി മാള ഗുരുധർമ്മം മിഷൻ ആശുപത്രി. മാളയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒറ്റ ദിവസത്തെ ക്യാമ്പിൽ വച്ച് ഇത്രയധികം പേർക്ക് വാക്‌സിനേഷൻ നടത്തിയത്. ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും തയ്യാറാക്കിയ പദ്ധതിയിൽ പൊതുജനങ്ങളും കൈകോർത്തതോടെ പരാതികളൊന്നും ഇല്ലാതെ വാക്‌സിൻ നൽകാനായി.

1000 പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ച് രജിസ്‌ട്രേഷൻ തുടങ്ങിയെങ്കിലും കൂടുതൽ പേർ ആവശ്യപ്പെട്ടതോടെ അധിക ഡോസ് എടുക്കുകയായിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും ജനങ്ങൾ കൂട്ടം കൂടുന്നത് ഇല്ലാതാക്കുന്നതിനുമായി സമയം അനുവദിച്ചു നൽകിയാണ് രജിസ്റ്റർ നമ്പർ നൽകിയത്. വാക്‌സിൻ സ്വീകരിക്കാൻ എത്തിയവർക്ക് വരി നിൽക്കാതെ ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇത്രയധികം പേർക്ക് ഒറ്റ ദിവസത്തിൽ വാക്‌സിൻ നൽകുമ്പോൾ അനുഭവപ്പെടാറുള്ള തിരക്കും കൂട്ടം കൂടലും ഉണ്ടായേക്കുമെന്ന നിഗമനത്തിൽ മാള പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തിയിരുന്നു. എന്നാൽ ആർക്കും ഇടപെടാൻ സാഹചര്യം ഉണ്ടാക്കാതെ കൃത്യമായി തയ്യാറാക്കിയ പദ്ധതിയിൽ ജനങ്ങളും പൂർണമായി സഹകരിക്കുകയായിരുന്നു.

മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ കീഴിലുള്ള ഗുരുധർമ്മം മിഷൻ ആശുപത്രിയിലാണ് മാള ബ്ലോക്ക് പഞ്ചായത്തിന് പരിധിയിൽ സ്വകാര്യ മേഖലയിൽ വാക്‌സിൻ നൽകിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ സൗജന്യമായി അനുവദിച്ച വാക്‌സിൻ മാളയിൽ ഒന്നാം ഘട്ടത്തിൽ ഇവിടെയായിരുന്നു. ട്രസ്റ്റ് ഡയറക്ടർ ബോർഡിലെ ജോയിന്റ് സെക്രട്ടറി വി.എസ്. കർണൽസിങ്, ട്രഷറർ കെ.വി. രാജു, പി.ആർ.ഒ ഇ.പി. രാജീവ്, കെ.കെ. ബിനേഷ്, പി.വി. ഉദയൻ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ഗുരുധർമ്മം മിഷൻ ആശുപ്രതി മാനേജിംഗ് ഡയറക്ടർ പി.കെ. സുധീഷ്ബാബു, ചെയർമാൻ പി.കെ. സാബു, സി.ഇ.ഒ ഡോ.ആദർശ് കൃഷ്ണൻ എന്നിവർ നന്ദി പറഞ്ഞു.