wedding-day-help
കെ.കെ. ബാബുരാജിന്റെ മകളുടെ വിവാഹച്ചടങ്ങിൽ ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് പി.ആർ.ഒ താഹിറ മുജീബ് വധൂവരൻമാരിൽ നിന്ന് ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായത്തിന്റെ ചെക്ക് ഏറ്റുവാങ്ങുന്നു

കയ്പമംഗലം: മകളുടെ വിവാഹ ദിനത്തിൽ നിർധനരായ ഡയാലിസിസ് രോഗികൾക്ക് ധനഹായവും, മൊബൈൽ ചലഞ്ചിലേക്ക് മൊബൈൽ ഫോണും, ഭക്ഷ്യക്കിറ്റുകളും, കൊവിഡ് പ്രതിരോധ വസ്തുക്കളും നൽകി പെരിഞ്ഞനത്തെ വ്യാപാരി. പെരിഞ്ഞനം കുറ്റിലക്കടവ് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റും വ്യാപാരിവ്യവസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറിയും ലയൺസ് ക്ലബംഗവും പൊതു പ്രവർത്തകനുമായ കെ.കെ. ബാബുരാജാണ് മകൾ സ്വാതിയുടെ വിവാഹ ദിനത്തിൽ മാതൃകയായത്. ഉത്തർപ്രദേശ് ലക്‌നൗ സ്വദേശിയായ ജയേഷാണ് വരൻ. ഒരു മാസം മുമ്പ് നടക്കേണ്ടിയിരുന്ന വിവാഹമാണ് ലോക്ഡൗൺ കാരണം ഇന്നലെ നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് പെരിഞ്ഞനം പഞ്ചായത്തിലെ വാർഡംഗങ്ങൾക്കും ആശാവർക്കർമാർക്കും ഭക്ഷ്യക്കിറ്റുകളും കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക്കും, സാനിറ്റെസറുകളും, എടവിലങ്ങ് ആശ്രയം ആഗതി മന്ദിരത്തിലേക്കും, പെരിഞ്ഞനം ഡി.സി.സി കെയർ സെന്ററിലേക്കും രണ്ടു ദിവസത്തെ ഭക്ഷണവും നൽകി. വിവാഹ ചടങ്ങിൽ ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് പി.ആർ.ഒ താഹിറ മുജീബ്, നഴ്‌സിംഗ് ഹെഡ് ബേബിരാജൻ, പർച്ചെയസിംഗ് ഓഫീസർ റാഫീ കെ.പോൾ എന്നിവർ വധൂവരൻമാരിൽ നിന്ന് ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായത്തിന്റെ ചെക്ക് ഏറ്റുവാങ്ങി.