ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന് വടക്കുഭാഗത്ത് ചേറ്റുവ പുഴയിൽ നിന്ന് ഏറ്റം സമയത്തെ തിരയടിച്ച് മൂന്നു വരി തെങ്ങുകൾ നഷ്ടപ്പെട്ടിട്ടും കൃഷി വകുപ്പിൽ നിന്ന് ഭൂവുടമകൾക്ക് ഇതുവരെയും ഒരു സഹായവും കിട്ടിയില്ലെന്ന് ആക്ഷേപം. മത്സ്യ തൊഴിലാളികളുടെയും റിട്ട. ജവാന്മാരുടെയും സ്ഥലത്തെ തെങ്ങുകളാണ് നശിച്ചത്.
പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയും സ്വീകരിക്കുന്നില്ലത്രെ. ചാവക്കാട് തഹസിൽദാറും,വില്ലേജ് ഓഫീസറും സ്ഥലം എം.എൽ.എയും പ്രദേശം സന്ദർശിച്ച് അടിയന്തര ധനസഹായം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും പുഴയോരം കെട്ടി സംരക്ഷിക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.