drug

തൃശൂർ : ജില്ലയിൽ കഞ്ചാവ് -അക്രമി സംഘങ്ങൾ വിലസുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ പത്തോളം യുവാക്കളെയാണ് കഞ്ചാവും മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ ഉൾപ്പടെയുള്ള മയക്കു മരുന്നുകളാണ് പിടിച്ചെടുത്തത്. ആഡംബര ബൈക്കുകളും കാറുകളും ഉപയോഗിച്ചാണ് മയക്കു മരുന്ന് കഞ്ചാവ് കച്ചവടങ്ങൾ നടത്തുന്നതെന്ന് പൊലീസ് പറയുന്നു. പെലീസും എക്‌സൈസും ഇത്തരം സംഘങ്ങൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഒരോ ദിവസം ചെല്ലും തോറും കേസുകളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം മുളംങ്കുന്നത്ത് കാവ് കില പരിസരത്ത് നിന്ന് പിടികൂടിയ നാലു പേരും 23 വയസിൽ താഴെയഉള്ളവരാണ്. ഇതിൽ രണ്ട് പേർ വിദ്യാർത്ഥികളായിരുന്നു. നാലു കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. വിദ്യാർത്ഥികളെയും മറ്റും വിൽപ്പനക്കാരായി നിയോഗിച്ച് കഞ്ചാവ് മാഫിയ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ പ്രവർത്തിക്കാതിരുന്ന സമയത്ത് ഇത്തരം സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് -മയക്കു മരുന്നു കച്ചവടം നടത്തിയിരുന്നു. എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു.

പട്ടാപകൽ മാല മോഷണം ;പ്രതിയെ പിടികൂടാനായില്ല

കഴിഞ്ഞ ദിവസം പട്ടാപകൽ നഗരമധ്യത്തിലെ ധനകാര്യ സ്ഥാപനത്തിൽ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് രണ്ടുപവന്റെ മാല കവർന്ന സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇനിയുമായില്ല. ആമ്പക്കാടൻ ജങ്ഷനിൽ പെട്രോൾ പമ്പിനു സമീപത്തെ റോസ് ഫൈനാൻസ് സ്വർണപണയ സ്ഥാപനത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്വർണാഭരണം പണയംവെക്കാനുണ്ടെന്നു പറഞ്ഞു സ്ഥാപനത്തിലെത്തിയാണ് യുവതിയെ അക്രമിച്ച് സ്വർണ്ണാഭരണം കവർന്നത്. പുറനാട്ടുകര വടക്കൻ വീട് ജോൺസന്റെ ഭാര്യ ഷോളി(43)യുടെ രണ്ടുപവനിലധികം തൂക്കമുള്ള മാലയും കുരിശുമാണ് ബലമായി പൊട്ടിച്ചത്. ഇവരെ പിടിച്ചു കടയ്ക്കുള്ളിലേക്കു തള്ളിവീഴ്ത്തി കഴുത്തിൽ കത്തിവെച്ച് മാല പറിച്ചെടുക്കുകയായിരുന്നു. കത്തി കൊണ്ട് ഷോളിയുടെ കൈ മുറിഞ്ഞിരുന്നു. 18 ഗ്രാം വരുന്ന മാലയാണ് കവർച്ച നടത്തിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് അക്രമി. ഇയാൾ കടയുടെ സമീപത്തു കാത്തുനിൽക്കുന്നതും ഓടിരക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നത്. ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.