തൃശൂർ: ജില്ലാ പഞ്ചായത്ത് പട്ടികവർഗ മലയോര മേഖലകളിൽ ഓൺലൈൻ പഠന സഹായപദ്ധതി 'വിദ്യാതരംഗം' ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് അഞ്ചിന് കുണ്ടായി ചക്കിപ്പറമ്പിൽ മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കെ.കെ രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.
ചക്കിപ്പറമ്പ് പ്രദേശത്തേക്ക് ആറര കിലോമീറ്റർ ദൂരം ഒപ്റ്റിക്കൽ ഫൈബർ കേബിളിട്ട് പൊതുകേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സ്‌പോട്ടുകളൊരുക്കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നതും തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര, പാത്രക്കണ്ടം, താമസവെള്ളച്ചാൽ, വരന്തരപ്പിള്ളി പഞ്ചായത്തിലെ കുണ്ടായി ചക്കിപ്പറമ്പ്, അതിരപ്പിള്ളി പഞ്ചായത്തിലെ പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, ആനക്കയം, വാച്ചുമരം, തവളക്കുഴിപ്പാറ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, വി.എസ് പ്രിൻസ്, സെക്രട്ടറി കെ.ജി തിലകൻ എന്നിവർ പങ്കെടുത്തു.