കയ്പമംഗലം: മഹിള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായ ചെന്ത്രാപ്പിന്നി ഈസ്റ്റിലെ ബിഷ സത്യന്റെ വീടാക്രമിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ടി.എ മുഹമ്മദ് സഗീർ, എ.കെ ജമാൽ, അദ്വൈത് കൃഷ്ണ, ഫൈസൽ ചെന്ത്രാപ്പിന്നി, കെ.എച്ച്.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ബിഷ സത്യന്റെ വീടിന് നേരെ രാത്രിയിൽ സി.പി.എം നടത്തിയ അക്രമം ഭീരുത്വമാണന്ന് ശോഭ സുബിൻ പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയാണ് സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. രാത്രിയിൽ മാരകായുധങ്ങളുമായി വന്ന് വീടാക്രമിക്കുന്ന ക്രിമിനലുകളെ എത്രയും വേഗം പിടികൂടണം. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ സമരം പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റുമെന്നും ശോഭ സുബിൻ പറഞ്ഞു.