medical-college-

തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കാമ്പസ് കോളേജായി മാറുമ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിന് പഠന ഗവേഷണ മേഖലകളിൽ സമഗ്ര പുരോഗതിയുണ്ടാകുമെന്ന് അക്കാഡമിക കൗൺസിൽ സബ് കമ്മിറ്റിയുടെ കരട് പഠനരേഖ. വിദ്യാർത്ഥികൾ കോളേജ് പഠിതാവാകില്ല, പകരം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയാകും. റിസർച്ച് , ഫെലോഷിപ്പ് എന്നിവയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. കൂടുതൽ തുടർപഠന സാദ്ധ്യതകൾ തുറന്നുകിട്ടും. ഗവേഷണ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. പേറ്റന്റ് കൂടുതൽ നേടാൻ അവസരമുണ്ടാകും. വിവിധ മേഖലകളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കും സാദ്ധ്യതയേറും.

ധനകാര്യ ബാദ്ധ്യതയില്ലാതെ കാമ്പസ് കോളേജായി മാറുമ്പോൾ, അക്കാഡമിക മേഖലകളിൽ കുതിച്ചുകയറ്റത്തിനുള്ള സാദ്ധ്യത കരട് രേഖ എടുത്തുപറയുന്നുണ്ട്. പി.വി.സി ഡോ. സി.പി വിജയൻ, ഡോ. ഹരികുമാരൻ നായർ, ഡോ. അംബുജം, ഡോ. ശങ്കർ സുന്ദരം എന്നിവരായിരുന്നു. ഫെബ്രുവരി ആറിന് അക്കാഡമിക് കൗൺസിൽ നിയോഗിച്ച പഠനസമിതിയിൽ ഉണ്ടായിരുന്നത്. ഗവ. മെഡിക്കൽ കോളേജിന്റെ ഘടനയിൽ നിന്ന് വ്യത്യസ്ത ഘടനയായിരിക്കും കാമ്പസ് കോളേജാകുമ്പോൾ ഉണ്ടാകുകയെന്നും രേഖ വ്യക്തമാക്കുന്നു.

യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജോ ?

യൂണിവേഴ്‌സിറ്റിയോട് ചേർന്ന് മുഖ്യ കാമ്പസിൽ പ്രവർത്തിക്കുന്ന കോളേജാണ് കാമ്പസ് കോളജ് എന്ന് അറിയപ്പെടുക. കാമ്പസ് കോളേജിന്റെ പേര് എന്ത് വേണമെന്നതിൽ യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളേജ്, തൃശൂർ, ഗവ. യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളജ് എന്നീ രണ്ട് ശുപാർശകളാണ് ഉള്ളത്. ആരോഗ്യ സർവകലാശാലയുടെ കൈയിൽ അധികാരമെത്തുന്നതോടെ പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് മാത്രമേ വ്യത്യാസമുണ്ടാകൂ. അക്കാഡമിക കാര്യങ്ങളിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉപദേശം തേടാൻ സൗകര്യമുണ്ടാകും. പ്രിൻസിപ്പലിനെ ചെയർപേഴ്‌സനും വൈസ് പ്രിൻസിപ്പലിനെ നോഡൽ ഓഫീസറുമാക്കി കോളേജ് ബോർഡ് അണ്ടർഗ്രാഡ്വേറ്റ്, പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനക്രമം പുന:ക്രമീകരിക്കേണ്ടി വരും. വൈസ് ചാൻസലറും ബോർഡിലുണ്ടാകും. ബോർഡാണ് അക്കാഡമിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. പ്രിൻസിപ്പലും നോഡൽ ഓഫീസറും ആരോഗ്യ സർവകലാശാല അക്കാഡമിക കൗൺസിലിലെ പ്രത്യേക ക്ഷണിതാകും. കോളേജും യൂണിവേഴ്‌സിറ്റിയും തമ്മിൽ നോഡൽ ഓഫിസർ വഴിയാകും ഏകോപനം.

മാറ്റങ്ങൾ

വിവിധ കോഴ്‌സുകളുടെ അംഗീകാര പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക വേണ്ട
അക്കാഡമിക കാര്യങ്ങളിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതിക്കായി കാത്തുനിൽക്കേണ്ട
അക്കാഡമിക ഓഫീസ് ജോലികളിൽ കുറവുണ്ടാകും
യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത റിസർച്ച് സെന്ററായി കോളേജ് പ്രവർത്തിക്കും