കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപാസിലെ അറ്റകുറ്റപണികൾക്കായി 44 ലക്ഷം രൂപ അനുവദിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജനറൽ മാനേജർ ബാലചന്ദ്രൻ അറിയിച്ചു. മഴ ആരംഭിക്കുന്നതിനു മുമ്പ് ബൈപാസിലെയും സർവീസ് റോഡിലെയും രൂപം കൊണ്ടിട്ടുള്ള കുഴികൾ അടക്കാനും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ വൃത്തിയാക്കാനുമാണ് തീരുമാനം.
മൂന്നര കിലോമീറ്റർ നീളമുള്ള ബൈപാസിൽ വളർന്നു പന്തലിച്ച് വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന കാടുകൾ വെട്ടി തെളിക്കാനും റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ബൈപാസ് റോഡ് റീ ടാറിംഗ് നടത്താനും തീരുമാനിച്ചു. ടെണ്ടർ നടപടികൾ ആരംഭിച്ചതായും ഒരാഴ്ചക്കുള്ളിൽ കരാറുകാരൻ ഉണ്ടാവുമെന്നും ഉടനെ പ്രവർത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ രൂപം കൊണ്ട കുഴികളിൽ വാഹനങ്ങൾ ചാടി കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരുന്നു. എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങളും രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവായി. അപകടകരമായ രൂപം കൊണ്ട ബൈപാസ് റേഡിലെ കുഴികൾ മൂടാൻ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. ഇന്നലെ ബെന്നിബെഹ്‌നാൻ എം.പിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥരുമായി എം.പി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി പെട്ടെന്നുണ്ടായത്. കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസ്, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സി.ജി. ചെന്താമരാക്ഷൻ, വി.എം. ജോണി തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.