-harassment-
ചാവക്കാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മത്സ്യ കച്ചവടക്കാര്‍ പ്രതിഷേധിക്കുന്നു

ചാവക്കാട്: ഹെൽത്ത് ഇൻസ്‌പെക്ടറുടെ നടപടിയിൽ മത്സ്യ കച്ചവടക്കാരന് 5,000 രൂപയുടെ നഷ്ടമായെന്ന് പരാതി. ഇന്നലെ രാവിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലാണ് സംഭവം. മാർക്കറ്റിൽ നിന്നും 5,000 രൂപക്ക് വിളിച്ചെടുത്ത മത്തി പഴകിയതാണന്ന് പറഞ്ഞ് പരിശോധന പോലും നടത്താതെ നഗരസഭ അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സാനിറ്റൈസർ ഒഴിച്ച് നശിപ്പിച്ചെന്നാണ് കച്ചവടക്കാരൻ ആരോപിക്കുന്നത്.

സമാന തരത്തിലുള്ള 200ലധികം ബോക്‌സ് മത്തി ഇതേ മാർക്കറ്റിൽ തന്നെ വിൽപ്പന നടത്തിയിരുന്നതായും പറയുന്നു. ബ്ലാങ്ങാട് സ്വദേശി താഴത്ത് കോയ എന്നയാളുടെ മത്സ്യമാണ് നശിപ്പിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പലിശക്കെടുത്താണ് ഇയാൾ കച്ചവടം നടത്തുന്നത്.

അഴകിയ മത്സ്യം പരിശോധനക്ക് വിധേയമാക്കി നടപടി സീകരിക്കാതെ സാധാരണക്കാരായ കച്ചവടക്കാരെ അധികൃതർ ദ്രോഹിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യ കച്ചവടക്കാർ നഗരസഭ കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധം നടത്തി. മത്സ്യം നശിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും, നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.