കാട്ടൂർ: ചിറക്കൽ കൊറ്റങ്കോട് അപ്രോച്ച് റോഡും റെഗുലേറ്ററും അപകടാവസ്ഥയിലായിട്ട് നാളുകളായി. പക്ഷേ നിർമ്മാണ പ്രവൃത്തികളൊന്നും നടന്നിട്ടില്ല താനും. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള 1.88 കിലോമീറ്റർ ദൈർഘ്യമുള്ള അപ്രോച്ച് റോഡും, റെഗുലേറ്ററുമാണ് വർഷങ്ങളായി പുനർനിർമ്മാണവും അറ്റകുറ്റപണികളും നടത്താതെ തകർന്ന് കിടക്കുന്നത്.
ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. കൂടാതെ തൃശൂർ, തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസും നടത്തുന്നുണ്ട്.
റെഗുലേറ്റർ പാലത്തിന്റെ ഭിത്തികൾക്കും ഷട്ടറുകൾക്കും ബലക്ഷയം സംഭവിച്ചതിനാൽ പാലം അപകടാവസ്ഥയിലാണെന്ന് കാട്ടി 2013ൽ ഇറിഗേഷൻ വകുപ്പ് ഭാരം കൂടിയ വണ്ടികൾ ഇതു വഴി പോകുന്നത് നിരോധിച്ചിരുന്നു. 2016ൽ ഗർഡറുകൾ സ്ഥാപിച്ച് പാലം താത്കാലികമായി ബലപ്പെടുത്തിയതിന് ശേഷം ഭാര വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു. പിന്നീട് യാതൊരു തരത്തിലുള്ള നിർമ്മാണ പ്രവൃത്തിയും ഇവിടെ നടത്തിയിട്ടില്ല.
റോഡ് നിർമ്മിച്ചതിന് ശേഷം രണ്ട് തവണ മാത്രമേ പുനർനിർമ്മാണം നടത്തിയിട്ടുള്ളൂ. ഇപ്പോൾ ടാറിംഗ് തകർന്ന് റോഡിന്റെ വീതി കുറയുകയും വലിയ കുഴികൾ രൂപപ്പെട്ട് ആളുകൾ അപകടത്തിൽപെടുന്ന സ്ഥിതിയുമായി. ഇറിഗേഷൻ വകുപ്പ് 2017ൽ 26 ലക്ഷവും, 2021ൽ 50 ലക്ഷവും വകയിരുത്തി പ്രൊപ്പോസൽ വച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റോഡ് വികസനത്തിനും, പാലം ബലപ്പെടുത്തുന്നതിനുമായി നിരവധി തവണ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
സർക്കാരും പൊതുമരാമത്ത് വകുപ്പും പദ്ധതി ഏറ്റെടുത്ത് റോഡിന്റെ പുനർനിർമ്മാണവും, റോഡിലെ വെള്ളക്കെട്ടും പരിഹരിക്കാൻ കാന നിർമ്മാണ പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കണം.
ഷാജി കളരിക്കൽ
റോഡ് വികസന പൗരസമിതി കൺവീനർ
ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണം. എംഎൽ.എ ഫണ്ടും മറ്റു ഫണ്ടുകളും അനുവദിക്കുമ്പോൾ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.
മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ