ചാലക്കുടി: സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്ക് ഏറ്റവും താഴേയ്ക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് അതിരപ്പിള്ളിയിലെ പഞ്ചായത്ത് ഭരണ സമിതിയും ആരോഗ്യ വകുപ്പും. ഒരുമാസം മുമ്പ് ഇവിടുത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 83.4 ശതമാനമായപ്പോൾ അതിരപ്പിള്ളി മാത്രമല്ല ജില്ലാ ഭരണകൂടം കൂടിയാണ് അന്തം വിട്ടത്. തോട്ടം തൊഴിലാളികളുടെ കൊവിഡ് വ്യാപനമാണ് സംസ്ഥാന അതിർത്തി കൂടിയായ മലക്കപ്പാറയെ ദുരിതത്തിലാക്കിയത്. അകെയുള്ള ആയിരത്തിനാനൂറിൽ മുന്നൂറ് പേർക്ക് ഇവിടെ വൈറസ് ബാധിച്ചു. ഏതാനും ആദിവാസി കോളനികളിലും രോഗവ്യാപനമുണ്ടായി. പെരുമ്പാറ കോളനിയിൽ ഒരു ആദിവാസിയും കൊവിഡ് മൂലം മരിച്ചു. ഇതോടെ ശക്തമായ നടപടികളുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷും കൂട്ടരും രംഗത്തിറങ്ങി. അഞ്ച് ഡി.സി.സികൾ ഒരുക്കി 150 രോഗികളെ പ്രവേശിപ്പിച്ചത് പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യക്ഷത പ്രകടമായി. എല്ലാവർക്കും സമൂഹ അടുക്കളയിൽ നിന്നും മൂന്നുനേരം ഭക്ഷണവും എത്തിച്ചു. ആരോഗ്യ വകുപ്പ്, പൊലീസ്, ആർ,ആർ.ടി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പ്രരിരോധ പ്രവർത്തനങ്ങളിൽ ആശ്വാസകരമായ പുരോഗതി കൈവരിക്കാനായെന്ന് പ്രസിഡന്റ് കെ.കെ.റിജേഷ് പറഞ്ഞു. ഇപ്പോഴത്തെ ടി.പി.ആർ നിരക്ക് 3.45 ആണെന്നും പ്രസിഡന്റ് പറഞ്ഞു.