തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൊവ്വാഴ്ച തൃശൂരിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് കൈമാറിയത്. രാവിലെ 10ന് എത്താനാണ് നിർദേശം.
ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40ന് കൊടകരയിൽ വാഹനാപകടമുണ്ടാക്കിയാണ് മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർന്നതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കവർന്ന കേസിൽ നേരിട്ട് ബന്ധമുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. തിരുപ്പതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെയാണ് അവസാനമായി പിടികൂടിയത്. ഇതോടെ ഒരു സ്ത്രീ ഉൾപ്പെടെ 22 പേർ അറസ്റ്റിലായി. തട്ടിയെടുത്തത് മൂന്നരക്കോടിയാണെന്നും ഇത് ബി.ജെ.പിയുടെ പണമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ രേഖയിൽ പരാമർശിച്ചിട്ടുള്ള സാഹചര്യത്തിൽ അത് തെളിയിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അതിന്റെ ഭാഗമായാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ വിളിച്ചു വരുത്തുന്നത്. ധർമ്മരാജും സുരേന്ദ്രനുമായി ബന്ധമുണ്ടെന്ന് മൊഴി ലഭിച്ചിരുന്നു. ധർമ്മരാജിന്റെ ഫോണിൽ നിന്നു കവർച്ചാ ദിവസം സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളി പോയിരുന്നതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടുതൽ ബി.ജെ.പി നേതാക്കളിൽ നിന്ന് വിവരം ശേഖരിക്കാനൊരുങ്ങവേ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിലപാട് പാർട്ടി സ്വീകരിച്ചിരുന്നു. അതിനാൽ കെ. സുരേന്ദ്രൻ അന്ന് ഹാജരാകാൻ സാധ്യത കുറവാണ്.