plavu

അതിരപ്പിള്ളി: ചിക്ലായ് പ്രദേശത്തെ പ്ലാവ് ഗ്രാമമാക്കാനുള്ള ശ്രമത്തിലാണ് മുരളിച്ചേട്ടൻ. വീടിന്റെ പിൻഭാഗത്തെ മൂന്നേക്കർ സ്ഥലത്ത് നിറയെ പ്ലാവിൻ തൈ നടുകയാണ് നമ്പിട്ടിയത്ത് മുരളി എന്ന 63 കാരൻ. വിയറ്റ്‌നാം സൂപർ ഏർളി ഇനത്തിൽപെട്ട നാനൂറോളം തൈകൾ കൃഷിയിടത്തിൽ കഴിഞ്ഞ ഒരു വർഷമായി പരിപാലിക്കുന്നു.

റബ്ബർ മരം വെട്ടിയാണ് പ്ലാവ് വളർത്തുന്നത്. നിശ്ചിത അകലത്തിൽ പാകി പരിപാലിക്കുന്ന പ്ലാവിൻ തൈകൾക്ക് കൂട്ടായി പൈനാപ്പിൾ ചെടികളുമുണ്ട്. അടുത്ത വർഷം മുതൽ പ്ലാവ് കായ്ക്കും. അതുവരെ ഇടവിളയായ പൈനാപ്പിൾ വരുമാനമുണ്ടാക്കും. ഇരുപത് അടിയോളം വളരുന്ന പ്ലാവുകളിൽ നിന്നും പിന്നീടുള്ള പത്തു വർഷം അനായാസം ചക്കകൾ ഇടാമെന്നാണ് പ്രതീക്ഷ. ഉയരമുള്ളതിനാൽ മാൻ ശല്യത്തിൽ നിന്നും രക്ഷപ്പെടാനുമാകും. ഇതൊക്കെയാണ് മുരളി മനസിൽ കണക്കുക്കൂട്ടി വച്ചിരിക്കുന്നത്.

പിന്നീട് ആടു വളർത്തലിനും പ്ലാവിൻ തോട്ടം പ്രയോജനപ്പെടും. കുറേക്കാലം റിഗ്ഗിലും പിന്നീട് വെറ്റിലപ്പാറ എക്‌സ് സർവ്വീസ്‌മെൻ സൊസൈറ്റിയിലും ജോലി നോക്കിയിരുന്ന മുരളി വ്യാവസായിക അടിസ്ഥാനത്തിലാണ് പ്ലാവ് കൃഷി തുടങ്ങിയത്. ഇപ്പോൾ വെറ്റിലപ്പാറയിൽ നടത്തുന്ന ചക്ക സംസ്‌കരണ കമ്പനി ഇവിടേക്ക് മാറ്റാനും ഉദ്ദേശിക്കുന്നു. കച്ചവടത്തിനൊപ്പം ജൈവ സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ടെന്ന് മുരളി പറയുന്നു.

പ്ലാവിന് ആവശ്യമായി വരുന്നത് ചെറിയ അളവിലെ വളമാണ്. അതും രാസവളമല്ല. ഇക്കാരണങ്ങൾ ഭാവിയിൽ പരിസരം ഉല്ലാസ കേന്ദ്രമായി മാറുമെന്നത് വിദൂര സ്വപ്‌നവുമാണ്.

മുരളി