poonkuzhali

തൃശൂർ : മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ റൂറൽ എസ്.പി പൂങ്കുഴലി ശ്രമിച്ചെന്ന് പരാതി . പീഡനത്തിന് ഇരയായ യുവതിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ചാലക്കുടി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി കൊടുത്ത ശേഷം വൈദ്യ പരിശോധനയ്‌ക്കെത്തിയപ്പോൾ അവിടെ വച്ച് പ്രതിയായ മുരിങ്ങൂർ സ്വദേശി ജോൺസൺ തന്നെ ഭീഷണിപ്പെടുത്തിയെന്നും അതേകുറിച്ച് പരാതി നൽകാനെത്തിയപ്പോഴാണ് എസ്.പി മോശമായി പെരുമാറിയതെന്നും ഇവർ പരാതിയിൽ പറയുന്നു. ഇത് വ്യക്തി വിരോധം തീർക്കാനുള്ള പരാതിയല്ലേയെന്നും അന്വേഷണം പൊലീസ് തീരുമാനിച്ചോളാമെന്നും പറഞ്ഞതായി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. തന്റെ വ്യക്തി വിവരങ്ങൾ പ്രതിയുടെ കൂട്ടാളികൾക്ക് നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ആളൂർ എസ്.ഐ സിബിനും പുരുഷ പൊലീസുകാർക്ക് മുന്നിൽ വച്ച് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. നടന്ന സംഭവം പുരുഷ പൊലീസുകാരുടെ മുന്നിൽ വച്ച് വിശദീകരിക്കാൻ എസ്.എച്ച്.ഒ ആവശ്യപ്പെട്ടു. ഇക്കാര്യവും എസ്.പിയോട് പറഞ്ഞെങ്കിലും നടപടിയെടുത്തില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തി തീർക്കുകയാണ് പൊലീസ് ചെയ്യുന്നത്. എസ്.പിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും ഇവർ പരാതിയിൽ പറയുന്നു.