ഗുരുവായൂർ: സുഖചികിത്സയ്ക്കിടെ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (60) ചെരിഞ്ഞു. പുന്നത്തൂർ ആനക്കോട്ടയിൽ പുലർച്ചെ ആയിരുന്നു അന്ത്യം. ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഗുരുവായൂർ മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം വന്നതിനാലാണ് 'വലിയ മാധവൻകുട്ടി' ആയത്. 1974ൽ നടയ്ക്കിരുത്തിയ മൂന്ന് ആനകളിൽ ഒന്നാണ് മാധവൻകുട്ടി. ദേവിയും സത്യനാരായണനുമാണ് ബാക്കിയുള്ളത്. 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി മാധവൻ കുട്ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇനി ദേവസ്വത്തിൽ അവശേഷിക്കുന്നത് 44 ആനകളാണ്. അടുത്തിടെയായി ദേവസ്വത്തിലെ ആനകൾക്ക് മരണം സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
'കേഡി' ലിസ്‌റ്റിലെ കൊമ്പൻ
ചെറുപ്പത്തിൽ നല്ല ശിക്ഷണം ലഭിക്കാഞ്ഞതിനാൽ ആനകളിലെ 'കേഡി ലിസ്‌റ്റി'ൽ ഉൾപ്പെട്ട് പുന്നത്തൂർ കോട്ടയിൽ തറിയിൽ തന്നെ സ്ഥിരമായി നൽകുന്നു. ദിവസങ്ങൾക്ക് മുമ്പ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറൽ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വലിയ കണിശക്കാരനും വാശിക്കാരനുമാണ്. ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവൻകുട്ടി. ഉത്സവ എഴുന്നെള്ളിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ ആനകൾക്ക് നടത്തമാണ് ഏക വ്യായാമം. ദേവസ്വത്തിലെ ആനകളുടെ അപ്രതീക്ഷിത മരണങ്ങൾ സംബന്ധിച്ച് ദേവപ്രശ്‌നം നോക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്.