തൃപ്രയാർ: വരകളുടേയും വർണ്ണങ്ങളുടേയും കൊച്ചു കൂട്ടുകാരി ശ്രീ ബാലയേയും വായനയിലും പഠനത്തിലും മികവ് കാട്ടിയ അശ്വതിയേയും എ.ഐ.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീബാല വീടിന്റെ ചുമരുകളിൽ വരച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. ജീവിത പ്രയാസങ്ങൾക്കു നടുവിലും പഠനത്തിൽ മികവ് പുലർത്തിയ അശ്വതി ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി.കെ. ശശിധരൻ പഠനോപകരണങ്ങളടങ്ങിയ സ്‌നേഹ സമ്മാനം നൽകി ശ്രീബാലയെ സ്വീകരിച്ചു.
സി.പി.ഐ വലപ്പാട് ലോക്കൽ സെക്രട്ടറി എ.ജി സുഭാഷ് അശ്വതിയ്ക്ക് സ്‌നേഹ സമ്മാനം നൽകി.
എ.ഐ.എസ്.എഫ് നാട്ടിക മണ്ഡലം സെക്രട്ടറി രാഹുൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവും വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിലെ മുൻ പ്രധാന അദ്ധ്യാപകനുമായിരുന്ന സി.കെ. കുട്ടൻ മാസ്റ്റർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. ഉണ്ണിക്കൃഷ്ണൻ, സി.പി.ഐ വലപ്പാട് ലോക്കൽ കമ്മിറ്റി അസി: സെക്രട്ടറി രാജൻ പട്ടാട്ട്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.