ചാലക്കുടി: കൊവിഡിന്റെ നീരാളി പിടുത്തത്തിൽ നിന്നും ടൂറിസത്തേയും കൈപിടിച്ച് ഉയർത്താനുള്ള കഠിന പ്രയത്‌നത്തിലാണ് അതിരപ്പിള്ളി പഞ്ചായത്ത്. ജൂലൈ പകുതിയോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം അതിരപ്പിള്ളിയേയും ഉൾപ്പെടുത്തുന്നതിന് കിണഞ്ഞു പരിശ്രമിക്കുകയാണ് പ്രസിഡന്റ് കെ.കെ.റിജേഷിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി. ആദിവാസി കോളനികൾ ഉൾപ്പെടുന്ന മേഖലയെന്ന പരിഗണനയിൽ അതീവ ജാഗ്രത പുലർത്തണമെന്നതാണ് വനം വകുപ്പിനെ അലട്ടുന്ന പ്രശ്‌നം. വാഴച്ചാൽ, പെരുമ്പാറ കോളനികളിൽ ഇക്കുറി കൊവിഡ് എത്തിപ്പെട്ടതും ഒരു മരണം സംഭവിച്ചതുമെല്ലാം അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. എങ്കിലും വരുമാനമില്ലാതെ ടൂറിസം മേഖല നട്ടം തിരിയുന്നത് വനം വകുപ്പിനെ അങ്കലാപ്പിലാക്കുന്നുണ്ട്. വി.എസ്.എസ് അംഗങ്ങൾക്ക് ശമ്പളം കൊടുക്കുന്നതുപോലും അവതാളത്തിലായിരിക്കുകയാണ്. ഈ സാഹര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിന് അവർ പച്ചക്കൊടി കാട്ടുന്നുണ്ട്. മേഖലയിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയാൽ മാത്രമായിരിക്കും ജൂലൈ 15ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകുകയുള്ളൂ. ഇതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് പറഞ്ഞു. പഞ്ചായത്തിൽ 2500 പേർക്ക് ആദ്യ ഡോസും ആയിരത്തിലധികം പേർക്ക് രണ്ടാം ഡോസും നൽകി. എണ്ണായിരിത്തി അഞ്ഞൂറാണ് അതിരപ്പിള്ളി പഞ്ചായത്തിലെ ആകെ ജനസംഖ്യ.