കുന്നംകുളം: കുന്നംകുളം പൊലീസ് സ്‌റ്റേഷൻ കെട്ടിട നിർമാണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ കൂടി അനുവദിക്കും. എ.സി. മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ആദ്യഘട്ടത്തിൽ ഒരു കോടിയും രണ്ടാംഘട്ടത്തിൽ 50 ലക്ഷവും നൽകിയിരുന്നു. കെട്ടിടം നിർമാണം പൂർത്തീകരിക്കാൻ ഒരു കോടിയെങ്കിലും ചെലവ് വരുമെന്ന കുന്നംകുളം പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് ആസ്തി വികസന ഫണ്ടിൽനിന്നും ഒരു കോടി രൂപയുടെ കൂടി ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എ.സി. മൊയ്തീൻ എം.എൽ.എ. കളക്ടർ എസ്. ഷാനവാസിന് കത്ത് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ആദ്യത്തെ പോലീസ് സ്‌റ്റേഷൻ കെട്ടിടമാണ് കുന്നംകുളത്തേത്. 10,500 സ്‌ക്വയർ ഫീറ്റിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മൂന്നു നിലകളാണുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് കെട്ടിട നിർമാണത്തിന്റെ ചുമതല. ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിനാണ് പ്രവർത്തിയുടെ മേൽനോട്ട ചുമതല. നഗരസഭാ എൻജിനീയർ വിഭാഗവും നിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്.