ചാവക്കാട്: പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ദുക്‌റാന തിരുനാൾ ആചരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദുക്‌റാന തിരുനാൾ ആഘോഷങ്ങൾ നടന്നത്. രാവിലെ 6.45ന് നടന്ന ദിവ്യബലിക്ക് തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ.ഫാദർ വർഗീസ് കരിപ്പേരി, സെന്റ് ഫ്രാൻസിസ് സ്‌കൂൾ പ്രതിനിധി റവറൽ ഫാദർ ജോജോ ടി.ഒ. ആർ.എന്നിവർ സഹകാർമ്മികരായി. മാർതോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷികം തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പാലയൂരിൽ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ദീപം തെളിയിച്ച് സ്മരണോദ്ഘാടനം നിർവഹിച്ചു. തൃശൂർ അതിരൂപത മെത്രാപോലീത്ത ജൂലായ് 10,11 തിയ്യതികളിൽ നടക്കുന്ന തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെ കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6നും 7.30 നും വൈകീട്ട് 5.30 നും പ്രത്യേക ദിവ്യബലികളും നൊവേന, ലദീഞ്ഞ് എന്നിവയും ഉണ്ടാകും. ദുക്‌റാന ഊട്ട് നടത്താൻ സാധിക്കാത്തതിനാൽ വിശ്വാസികൾക്ക് ഭക്ഷ്യസാധനങ്ങളുടെ നേർച്ച കിറ്റുകൾ വിതരണം ചെയ്തു. ഇടവകയുടെ സമ്പൂർണ്ണ കുടുംബാരോഗ്യ ഇൻഷുറൻസ് പ്രഖ്യാപനം ആർച്ച് ബിഷപ്പ് നിർവ്വഹിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡണ്ട് പിയൂസ് ചിറ്റിലപ്പിള്ളി ഇൻഷൂറൻസ് രേഖകൾ ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങി. ദിവ്യബലികൾക്ക് വൈദികരായ സജി ടി.ഒ.ആർ,സിജോ മുരിങ്ങാത്തേരി,സോളി തട്ടിൽ,സിന്റോ പൊന്തേക്കൻ,ജോൺ പോൾ ചെമ്മണ്ണൂർ,ഫ്രാൻസിസ് മുട്ടത്ത് ബിജു പാണേങ്ങാടൻ,നിർമ്മൽ അക്കരപട്ട്യേക്കൽ എന്നിവർ കാർമ്മികത്വം വഹിച്ചു.