abvp-
അക്രമത്തിൽ പരിക്കേറ്റ എബിവിപി പ്രവർത്തകൻ


കുന്നംകുളം: വിവേകാനന്ദ കോളേജിലെ കോളേജ് യൂണിയൻ ഭാരവാഹികളായ എ.ബി.വി.പി പ്രവർത്തകരെ ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ കെ.വി. വിഷ്ണു, ജനറൽ ക്യാപ്റ്റൻ കെ. എച്ച്.സഞ്ജയ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കോളേജിന്റെ മാഗസിൻ പ്രവർത്തനം കഴിഞ്ഞ് 2 ബൈക്കുകളിലായി വീട്ടിലേക്ക് പോകുകയായിരുന്ന സഞ്ജയ്, വിഷ്ണു എന്നിവരെ ചിറളയം ബഥനി സ്‌കൂളിന്റെ മുന്നിൽവെച്ച് ബൈക്കുകളിൽ എത്തിയ 15 ഓളം വരുന്ന സംഘം തടഞ്ഞു നിറുത്തി ബൈക്ക് മറിച്ച് വീഴ്ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശരായി റോഡിൽ കിടന്ന ഇരുവരെയും അതുവഴി കടന്നുപോവുകയായിരുന്ന സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിലാണ് കുന്നംകുളത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.പി.എം, എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എ.ബി.വി.പി ആരോപിച്ചു. ആക്രമിച്ചവരിൽ കണ്ടാലറിയാവുന്ന രണ്ട് പേർ ഉണ്ടായിരുന്നതായി മർദ്ദനമേറ്റ കെ.എച്ച്.സഞ്ജയ് പറയുന്നു. എന്നാൽ സംഭവവുമായി എസ്.എഫ്.ഐക്കോ സി.പി.എമ്മിനോ ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യം മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നും എസ്.എഫ്.ഐ നേതൃത്വം പറഞ്ഞു.

കാപ്ഷൻ....
അക്രമത്തിൽ പരിക്കേറ്റ എ.ബി.വി.പി പ്രവർത്തകൻ.