ചാവക്കാട്: മത്സ്യബന്ധനത്തിനിടെ റോപ്പിൽ കൈകുടുങ്ങി മത്സ്യ തൊഴിലാളിക്ക് പരിക്കേറ്റു. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശി അയിനിപ്പുള്ളി പണിക്കൻ വീട്ടിൽ മനോഹര(46)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6 മണിയോടെ ചേറ്റുവ പടിഞ്ഞാറ് കടലിൽ വല ഇറക്കുമ്പോൾ കൈ റോപ്പിൽ കുടുങ്ങുകയായിരുന്നു. ഇടത് കൈത്തണ്ട അറ്റുപോകുന്ന അവസ്ഥയിലാണ്. കോട്ടപ്പുറം യു.കെ.സുബ്രുവിന്റെ യുകെ ബ്രദേഴ്‌സ് എന്ന വള്ളത്തിൽ നിന്നാണ് അപകടം പറ്റിയത്. ഉടനെ തന്നെ കരക്ക് എത്തിച്ച മനോഹരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മനോഹരനെ മത്സ്യതൊഴിലാളി യൂണിയൻ ചാവക്കാട് ഡിവിഷൻ സെക്രട്ടറി കെ.എം.അലി, മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം.ഹനീഫ, യൂണിയൻ നേതാക്കളായ പി.പി.നാരായണൻ, ബാദുഷ കോട്ടപ്പുറം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.