ഒല്ലൂർ: ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്റർ കേരള ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ സുസ്ഥിര ജീവിതം, ഊർജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള ഊർജ്ജ ഡയറിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയായി.