പാവറട്ടി : പാവറട്ടി -അമല നഗർ റൂട്ടിൽ പെരുവല്ലൂർ പരപ്പുഴപാലം പുനർനിർമ്മിക്കാനായി പൊളിച്ച് ആറ് മാസം പിന്നിട്ടിട്ടും നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്നകര വില്ലേജിലെ 101 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഇവിടെ സമാന്തരമായി താൽക്കാലിക പാലവും ഇതുവരെ നിർമ്മിച്ചിട്ടില്ല. ദൈനംദിന കാര്യങ്ങൾക്ക് അന്നകര സഹകരണ സംഘത്തിലും കൃഷിഭവനിലും, ഹോമിയോ ആശുപത്രിയിലും പാൽ സൊസൈറ്റി, മദർ കോളേജ്, എന്നിവിടങ്ങളിലും എത്തിച്ചേരുന്നതിന് ആറ് കിലോമീറ്റർ ചുറ്റിവളയുന്ന സാഹചര്യമാണുള്ളത്. ഇതൊഴിവാക്കാൻ അടിയന്തരമായി മണലൂർ എം.എൽ.എയും ജില്ലാ ഭരണകൂടവും ഇടപെട്ട് ആംബുലൻസുൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് പോകാവുന്ന രീതിയിലുള്ള നടപ്പാലം നിർമിക്കണ്ണമെന്ന ആവശ്യവും ശക്തമാണ്. പെരുവല്ലൂരിൽ നടന്ന പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ.രാജൻ നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് നേതാക്കളായ എൻ.കെ. ഷംസുദ്ധീൻ, സുനീതി അരുൺകുമാർ, മോഹനൻ വാഴപ്പിള്ളി, ലിജോ പന്നക്കൽ, പി.എ.കൃഷ്ണൻകുട്ടി, കെ.ആർ. വിശ്വനാഥൻ, പി.കെ.രവി, ജോഷി വടക്കൻ, അജിത്ത് എലവത്തൂർ, എൻ.എസ്.പ്രേമൻ തുടങ്ങിയവർ നേതൃത്വം നൽകി.