പാവറട്ടി: മുല്ലശ്ശേരി ബ്ലോക്കിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി എന്നീ പഞ്ചായത്തുകളിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണങ്ങളും കുത്തനെ കുറഞ്ഞ ആശ്വാസത്തിലാണ് അധികൃതരും ആരോഗ്യ പ്രവർത്തകരും. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 3341 കൊവിഡ് രോഗികളും 49 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ ജൂണിൽ 742 കൊവിഡ് രോഗികളും 9 മരണങ്ങളുമെ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്തുള്ളൂ. 2020 ൽ കൊവിഡ് തുടങ്ങിയത് മുതൽ ഡിസംബർ 31 വരെ 2374 രോഗികളും 18 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തപ്പോൾ 2021 ജനുവരി മുതൽ ജൂൺ വരെ മാത്രം 7233 രോഗികളും 84 കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് തുടക്കം മുതൽ 2021 ജൂൺ 30 വരെ മുല്ലശ്ശേരി 2466, വെങ്കിടങ്ങ് 2617, പാവറട്ടി 1800, എളവള്ളി 2724 കൊവിഡ് രോഗികളും, മുല്ലശ്ശേരി 30, വെങ്കിടങ്ങ് 26, പാവറട്ടി 22, എളവള്ളി 24 കൊവിഡ് മരണങ്ങളുമാണ് ഈ പഞ്ചായത്തുകളിൽ നടന്നത്.
ജൂൺ മാസത്തിൽ മാത്രം മുല്ലശ്ശേരി 10, വെങ്കിടങ്ങ് 8, പാവറട്ടി 6, എളവള്ളി 9 പഞ്ചായത്തുകളിലായി 33 പരിശോധനാ ക്യാമ്പുകളാണ് നടത്തിയത്. മുല്ലശ്ശേരി 942, വെങ്കിടങ്ങ് 1086, പാവറട്ടി 768, എളവള്ളി 1059 എന്നിങ്ങനെ ആർ.ടി.പി.സി.ആർ ടെസ്റ്റുകളും മുല്ലശ്ശേരി 143, വെങ്കിടങ്ങ് 491, പാവറട്ടി 486, എളവള്ളി 217 എന്നിങ്ങനെ ആന്റിജൻ ടെസ്റ്റുകളുമാണ് നടന്നത്. കൃത്യമായ നിർദ്ദേശങ്ങളും അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും പൊതുജനത്തിന്റെ സഹകരണവുമാണ് കൊവിഡ് മഹാമാരിയെ മുല്ലശ്ശേരി ബ്ലോക്കിലെ ഈ നാല് പഞ്ചായത്തുകളിലും നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.