police-
പൊലീസ് ഉദ്യോഗസ്ഥരെ അദ്ധ്യാപകൻ സ്റ്റൈജു മാസ്റ്റർ ആദരിക്കുന്നു

കുന്നംകുളം: രക്തദാന സേവനത്തിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് ആദരമൊരുക്കി അദ്ധ്യാപകൻ. ലോക രക്തദാന വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിൽ ലഹരി കണ്ടെത്തിയ പാറന്നൂർ സ്വദേശിയും ഗുരുവായൂർ – കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ എം.ജി സുബിനെയാണ് അദ്ധ്യാപകനായ പി.ജെ സ്‌റ്റൈജു വീട്ടിലെത്തി ആദരിച്ചത്.

സുബിന്റെ അദ്ധ്യാപകനായിരുന്ന സ്‌റ്റൈജുവിന്റെ നിർദ്ദേശപ്രകാരം 18ാം പിറന്നാൾ രക്തം ദാനം ചെയ്ത് ആഘോഷിക്കണമെന്ന പ്രതിജ്ഞ നെഞ്ചേറ്റിയാണ് സുബിൻ രക്തദാന മേഖലയിലേക്ക് പ്രവേശിച്ചത്. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി പഠന കാലത്താണ് സുബിൻ രക്തദാനം ആരംഭിക്കുന്നത്. തിരക്ക് പിടിച്ച ജോലിക്കിടയിലും ഇപ്പോഴും രക്തം ദാനം ചെയ്യുന്നുണ്ട്. ഉപഹാരവുമായി സുബിന്റെ പാറന്നൂരിലുള്ള വീട്ടിലെത്തിയ സ്‌റ്റൈജു മാസ്റ്റർ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ രക്തബന്ധു പുരസ്‌കാരം സമ്മാനിച്ചു. അദ്ധ്യാപകനായ സ്‌റ്റൈജു മാസ്റ്ററിൽ നിന്നും ലഭിച്ച ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്ന് സുബിൻ പറഞ്ഞു.

മാസ്റ്ററിന്റെ പൂർവ വിദ്യാർത്ഥികളും പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ റെനിൽ, കൃഷ്ണപ്രസാദ്, തൃശൂർ പൊലീസ് ക്യാമ്പിലെ മനേക് എന്നിവരെയും വീടുകളിൽ ചെന്ന് ആദരിച്ചു. ഇവർ വഴി കൂടുതൽ പേർ സ്‌നേഹ വിപ്ലവം രക്തദാനത്തിലൂടെ എന്ന ആശയ പ്രചാരണത്തിന്റെ വക്താക്കളാകുമെന്ന പ്രതീക്ഷയിലാണ് മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനും, 24 കേരള ബറ്റാലിയനിലെ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസറുമായ ക്യാപ്ടൻ പി.ജെ സ്‌റ്റൈജു മാസ്റ്റർ.