തൃശൂർ: മണ്ണിൽ ലയിക്കുന്ന കൂടകളിൽ ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയുമെല്ലാം ഒരു ലക്ഷം തൈകൾ ഉല്പാദിപ്പിച്ച് വിതരണത്തിന് ഒരുക്കി തൃശൂർ സോഷ്യൽ ഫോറസ്ട്രി വകുപ്പ്. തൈകൾ ആവശ്യമുള്ള സന്നദ്ധസംഘടനകൾക്ക് ജൂലായ് 7 വരെ സൗജന്യമായി നൽകും.
പ്ലാസ്റ്റിക് പോളി ബാഗിന് പകരം ബയോ ഡീഗ്രേഡബിൾ കൂടകൾ ഉപയോഗിച്ച് പ്രത്യേകം ഒരുക്കിയ നഴ്‌സറികളിലാണ് ഒരു ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിച്ചത്.
തൃശൂർ റേഞ്ചിന് കീഴിൽ കുന്നത്തുംകര, നെല്ലങ്കര എന്നിവിടങ്ങളിലും ചാലക്കുടി റേഞ്ചിന് കീഴിലെ മനപ്പടി, പള്ളിപ്പടി എന്നിവിടങ്ങളിലുമാണ് തൈകൾ സജ്ജമാക്കിയത്. ചകിരികൊണ്ട് ഉണ്ടാക്കിയ കൂടകളിലുൾപ്പെടെയാണ് തൈകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്‌ളാസ്റ്റിക് കൂടുകൾ കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവില്ല. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് തൃശൂർ ഫോറസ്റ്ററി ഡിവിഷന് കീഴിലെ തൃശൂർ, ചാലക്കുടി ഫോറസ്റ്ററി റേഞ്ചുകളിൽ മൂന്ന് മാസം മുൻപ് വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കാൻ തുടങ്ങിയത്. വനമഹോത്സവ പരിപാടികൾ സമാപിക്കുന്ന 7 വരെ വൃക്ഷവത്കരണത്തിന് സന്നദ്ധരായ വിവിധ രജിസ്‌റ്റേർഡ് ക്ലബ്ബുകൾ, എൻ.ജി.ഒകൾ, അംഗീകൃത പരിസ്ഥിതി സംഘടനകൾ, സർക്കാർ - സർക്കാരേതര സ്ഥാപനങ്ങൾ, യുവജന സംഘടനകൾ തുടങ്ങിയവയ്ക്ക് തൈകൾ സൗജന്യമായി വിതരണം ചെയ്യും.
സ്വകാര്യവ്യക്തികളിൽ നിന്ന് തൈ ഒന്നിന് 27 രൂപ ഈടാക്കും. സൗജന്യവിതരണം മുഴുവൻ പൂർത്തിയായില്ലെങ്കിൽ അവസാന തിയതി നീട്ടിയേക്കും. അംഗങ്ങൾ കുറവുള്ള സംഘടനകളാണെങ്കിലും തൈകൾ നൽകാനാണ് വനം വകുപ്പിന്റെ തീരുമാനം.
അപേക്ഷിക്കേണ്ടതിങ്ങനെ
തൈകൾ ആവശ്യമുള്ളവർ അപേക്ഷകൾ തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ, ചാലക്കുടി, തൃശൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസുകളിലോ സമർപ്പിക്കണം. സംഘടനകളുടെ ലെറ്റർ ഹെഡിലായിരിക്കണം അപേക്ഷകൾ.
വിതരണത്തിനുള്ള തൈകൾ
സീതപ്പഴം, നെല്ലി, പേര, നീർമരുത്, നാരകം, പ്ലാവ്, പുളി, ഉങ്ങ്, താന്നി, മന്ദാരം, മട്ടി, ആഞ്ഞിലി, ദന്തപാല, കൂവളം, ആവളം, പൂവരശ്
കൂടുതൽ വിവരങ്ങൾക്ക്
0487 2320609, 8547603775 (തൃശൂർ റേഞ്ച് ഓഫീസർ), 8547603777 ( ചാലക്കുടി റേഞ്ച് ഓഫീസർ)
തൈകളുടെ ലഭ്യത അനുസരിച്ച് സംഘടനകൾക്ക് കൂടുതലായി വിതരണം നടത്തും. തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്‌സറികളിൽ നിന്നാണ് വിതരണം നടത്തുക.
പി.എം പ്രഭു
എ.സി.എഫ്
സോഷ്യൽ ഫോറസ്ട്രി.