കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ നാല് വാർഡുകളിലായി ഉൾപ്പെടുന്ന 3.5 കിലോമീറ്റർ നീളമുള്ള അറബിക്കടലിന്റെ തീരത്തെ ആവാസ വ്യവസ്ഥാ പുനസ്ഥാപനത്തിനും പരിപാലനത്തിനും ദുരന്ത നിവാരണത്തിനുമായി സമഗ്ര പദ്ധതിക്ക് രൂപം നൽകി. ഈ പ്രദേശത്തെ കടൽ ഭിത്തി പൂർണ്ണമായും തകർന്നടിഞ്ഞ സാഹചര്യത്തിൽ തീര സംരക്ഷണത്തിനായി ജനകീയപങ്കാളിത്തത്തോടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുമാണ് സമഗ്ര തുടർ പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുളളത്.
കാവുകളുടെ സംരക്ഷത്തിനായി ബയോഡൈവേഴ്‌സിറ്റി ബോർഡുമായി സഹകരിച്ച് ശംഖ് കുളങ്ങര കാവ് മാതൃകയാക്കി പദ്ധതി പ്രവർത്തനം തുടരുന്നുണ്ട്. തീരദേശ ആവാസ വ്യവസ്ഥാ പുനസ്ഥാപനത്തിനായി പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷൻ എം.ഇ.എസ് അസ്മാബി കോളേജ് ഗവേഷണ വിഭാഗം തലവൻ ഡോ. അമിതാ ബച്ചന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അറപ്പ തോടുകൾക്ക് സമീപം കൈത, പുന്ന, രാമച്ചം, പൂപ്പരത്തി, മുള തുടങ്ങിയ തൈകൾ വച്ച് പിടിപ്പിച്ച് വനവത്കരണം നടത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ സസ്യങ്ങൾ വച്ച് പിടിപ്പിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്കായി വിവിധ ഡിപ്പാർട്ടുമെന്റുകളെ ഏകോപിക്കുന്നതിന് വേണ്ട സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.
പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡന്റ് എം.എസ്. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സംഘാടക സമിതി യോഗത്തിൽ ഡോ. അമിതാ ബച്ചൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സി.സി ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ അയൂബ്, മിനി, പി.എ നൗഷാദ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി കെ.ഐ അബ്ദുൾ ജലീൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.