yoga
ആഞ്ജലിക് കെർബറിന് യോഗാ പരിശീലനം നൽകുന്ന പി.ആര്‍ ബിനോയി

ഇരിങ്ങാലക്കുട: മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരവും മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളും നേടിയിട്ടുള്ള ജർമ്മൻ താരവുമായ ആഞ്ജലിക് കെർബറിന് യോഗാപാഠം പകർന്ന് ഇരിങ്ങാലക്കുട സ്വദേശി. 33 വയസുകാരിയായ ലോകതാരത്തിന് യോഗ ട്രെയിനർ ഇരിങ്ങാലക്കുട എസ്.എൻ നഗർ പുളിയ്ക്കൽ പി.ആർ ബിനോയി 2019 മുതലാണ് ക്ലാസെടുക്കാൻ തുടങ്ങിയത്. 2014 മുതൽ യൂറോപ്പിൽ സ്ഥിരമായി ക്ലാസെടുക്കുന്ന പി.ആർ ബിനോയിയെ തേടി, സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞാണ് ആഞ്ജലിക് എത്തുന്നത്. 2018 വിംബിൾഡൻ ഫൈനലിൽ സെറിന വില്യംസിനെ അട്ടിമറിച്ച് ചാമ്പ്യൻപട്ടം നേടിയ ശേഷം പിന്നാക്കം പോയ കെർബർ തിരിച്ചുവരവിന് ശ്രമിച്ചിരുന്ന നാളുകളിലായിരുന്നു ആ കണ്ടുമുട്ടൽ.

അന്നു മുതൽ ചിട്ടയായ പരിശീലനമാണ് ബിനോയുടെ കീഴിൽ ആഞ്ജലിക് നേടിയത്. മത്സരങ്ങൾക്ക് കൊവിഡ് നൽകിയ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞമാസം ജർമ്മനിയിൽ നടന്ന ബാഡ് ഹോംബുർഗ് ഓപ്പണിൽ തന്റെ പതിമൂന്നാമത് ഡബ്ല്യു.ടി എ കിരീടം സ്വന്തമാക്കിയാണ് ആഞ്ജലിക് രണ്ടാം വരവറിയിച്ചത്. കഴിഞ്ഞ ദിവസം വിംബിൾഡനിൽ നടന്ന വനിതകളുടെ സിംഗിൾസ് മൂന്നാം റൗണ്ടിൽ ബെലറൂസിയൻ താരം അലക്‌സാൺഡ്ര സാസ്‌കോവിച്ചിനെ പരാജയപ്പെടുത്തി പ്രിക്വാർട്ടറിൽ പ്രവേശിച്ചു. ഈ പ്രകടനം വരുന്ന കളികളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ബിനോയ്. ടോക്യോ ഒളിമ്പിക്‌സിലും മെഡൽ നേടുമെന്ന പ്രീതീക്ഷയും മറച്ചുവയ്ക്കുന്നില്ല.
ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ജർമ്മനി, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, പോളണ്ട് തുടങ്ങി 18ഓളം രാജ്യങ്ങളിൽ യോഗാ ക്ലാസുകൾ നടത്തിയിട്ടുണ്ട് ബിനോയ്. സിനിമാതാരങ്ങൾ, സൂപ്പർ മോഡലുകൾ, മന്ത്രിമാർ എന്നിവരടങ്ങുന്ന ശിഷ്യരുടെ നീണ്ട നിരയുമുണ്ട്. ലോക ടെന്നിസിന്റെ നെറുകയിലെത്തിയിട്ടും 'ഞാനെന്ന ഭാവം ആഞ്ജലികിന് തീരെയില്ലെന്ന് ബിനോയ് പറയുന്നു. അസാമാന്യമായ അച്ചടക്കവും കൃത്യനിഷ്ഠയും. കൃത്യസമയത്ത് ക്ലാസിന് ഹാജരാകും. കൊവിഡ് കാരണം കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി ജർമ്മനിയിൽ പോയത്. അടുത്തമാസം വീണ്ടും പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതുവരെ ക്ലാസുകൾ ഓൺലൈനിലാണ്. കൊച്ചിൻ സർവകലാശാലയിൽ നിന്ന് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച രാജഗോപാലന്റെയും മംഗളാദേവിയുടേയും മകനാണ് ബിനോയ്. മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.ആർ ബിജോയ്, നടനും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസറുമായ ജിജോയ് എന്നിവർ ഇളയ സഹോദരങ്ങളാണ്. കാറളം സ്വദേശി സജീവ് ശങ്കരനാണ് യോഗയിൽ ആദ്യ ഗുരു. പിന്നീട് ബിഹാർ സ്‌കൂൾ ഒഫ് യോഗയിൽ ചേർന്നു. ഇപ്പോൾ കണ്ണൂർ പള്ളിക്കുളം ചന്ദ്രൻ മാസ്റ്ററിൽ നിന്ന് യോഗ അഭ്യസിക്കുന്നു.