congress

തൃശൂർ : കൗൺസിൽ അറിയാതെ ഭൂമാഫിയയുമായി ഒത്തുകളിച്ച് സർക്കാരും കോർപറേഷൻ മുൻ ഭരണസമിതിയും ചേർന്ന് പ്രഖ്യാപിച്ച തട്ടിപ്പ് മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്ന ആവശ്യവുമായി ആറിന് രാവിലെ 10 ന് കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ സമരം നടത്തും. ഏഴിന് കൗൺസിൽ ഹാളും പ്രതിഷേധവേദി ആക്കും. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, കെ. ഗിരീഷ് കുമാർ, ജെയ്ജു സെബാസ്റ്റ്യൻ, കെ.സി അഭിലാഷ്, പ്രതിപക്ഷ ഉപനേതാവ് ഇ.വി സുനിൽരാജ്, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കുളപറമ്പിൽ, കെ. രാമനാഥൻ, എ.കെ സുരേഷ്, വിനീഷ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.